മക്ക - ക്രിമിനൽ കേസ് പ്രതി സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സൗദി പൗരൻ കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടതായി ഏകീകൃത കൺട്രോൾ റൂമിൽ വിവരം ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സംഭവ സ്ഥലത്തെത്തി സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിക്കുന്നതിനിടെ ഇതേ പ്രതി അൽശറായിഅ് ഡിസ്ട്രിക്ടിൽ ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും മറ്റൊരിടത്തു വെച്ച് കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടതായും വിവരങ്ങൾ ലഭിച്ചു. ഇതോടെ പ്രതിയെ പിടികൂടുന്നതിന് പട്രോൾ പോലീസുകാർ പ്രദേശമെങ്ങും വല വിരിച്ചു.
അൽഫൈഹാ ഡിസ്ട്രിക്ടിൽ സ്ഥാപിച്ച താൽക്കാലിക ചെക്ക് പോയന്റിൽ വെച്ച് പ്രതിയുടെ കാർ പട്രോൾ പോലീസുകാർ കണ്ടെത്തി. ഇവിടെ വെച്ച് പട്രോൾ പോലീസുകാർക്കു നേരെ നിറയൊഴിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കു നേരെ സുരക്ഷാ ഭടന്മാർ തിരിച്ചും നിറയൊഴിച്ചു. പ്രത്യാക്രമണത്തിൽ വെടിയേറ്റ പ്രതി തൽക്ഷണം മരണപ്പെടുകയായിരുന്നു.