ഖുൻഫുദ - സബ്തൽജാറയിലെ വാദി ഖനൂനയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ രണ്ടു വൃദ്ധന്മാരുടെയും മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് അധികൃതരും വളണ്ടിയർമാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹങ്ങളിൽ ഒന്ന് അപകട സ്ഥലത്തു നിന്ന് നാലു കിലോമീറ്ററും രണ്ടാമത്തെ മൃതദേഹം പത്തു കിലോമീറ്ററും ദൂരെയാണ് കണ്ടെത്തിയത്.
എഴുപതിലേറെ പ്രായമുള്ളവരാണ് വാദി ഖനൂനയിൽ ഒഴുക്കിൽ പെട്ട് മരിച്ചത്. ഇവരിൽ ഒരാൾക്ക് മൂന്നു ഭാര്യമാരും ഇരുപതു മക്കളുമുണ്ട്. തിങ്കളാഴ്ച സന്ധ്യയോടെയാണ് ജീപ്പിൽ താഴ്‌വര മുറിച്ചുകടക്കുന്നതിനിടെ മൂന്നംഗ സംഘം മലവെള്ളപ്പാച്ചിലിൽ പെട്ട് ഒലിച്ചുപോയത്. അപകടം കണ്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ഷെവൽ ഡ്രൈവറും ശക്തമായ ഒഴുക്കിൽ പെട്ടു. ഷെവൽ ഡ്രൈവറും ജീപ്പ് യാത്രികരിൽ ഒരാളും പിന്നീട് നീന്തി രക്ഷപ്പെട്ടു.