റിയാദ് - എസ്.എം.എസുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഈ വർഷം ആദ്യ പകുതിയിൽ ബാങ്ക് ഉപയോക്താക്കളിൽ നിന്ന് 1063 പരാതികൾ ലഭിച്ചതായി സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറൽ ത്വൽഅത് ഹാഫിസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്തരത്തിൽ പെട്ട 2613 പരാതികൾ ലഭിച്ചിരുന്നു. സൗദിയിലെ ബാങ്ക് ശാഖകളും ഇന്റർനെറ്റും ടെലിബാങ്കിംഗും എ.ടി.എമ്മുകളും ടെല്ലർ കാർഡുകളും വഴി ഇരുപത്തിനാലു മണിക്കൂറും നടക്കുന്ന ബാങ്ക് ഇടപാടുകളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ എസ്.എം.എസ് തട്ടിപ്പുകളെ കുറിച്ച പരാതികൾ തുലോം കുറവാണ്.
എസ്.എം.എസുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കുന്നതിന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം എസ്.എം.എസുകൾ തടയുന്നതിന് സൗദിയിലെ ബാങ്കുകളുടെയും സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെയും ബന്ധപ്പെട്ട മറ്റേതാനും വകുപ്പുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്. സാമ്പത്തിക തട്ടിപ്പ് എസ്.എം.എസുകളെ കുറിച്ച് പരാതികൾ നൽകുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ മുഴുവൻ ടെലികോം കമ്പനികൾക്കും ബാധകമായ ഏകീകൃത നമ്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ത്വൽഅത് ഹാഫിസ് പറഞ്ഞു.