Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍നിന്ന് 10 കിലോ സ്വര്‍ണം കവര്‍ന്ന് വിദേശ തൊഴിലാളി രാജ്യം വിട്ടു

ജിദ്ദ - പത്തു കിലോ സ്വർണം കവർന്ന് വിദേശ തൊഴിലാളി രാജ്യം വിട്ടു. ജിദ്ദ സൂഖ് മഹ്മൂദ് സഈദിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്നാണ് പത്തു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ തൊഴിലാളി കവർന്നത്. അഞ്ചു ലക്ഷത്തിലേറെ റിയാൽ വരുന്ന ആഭരണങ്ങളാണ് വിദേശി കവർന്നത്.

ബുധനാഴ്ച രാത്രി ജ്വല്ലറി അടച്ച് പുറത്തിറങ്ങിയ തൊഴിലാളി മറുവശത്തെ ഡോർ വഴി വീണ്ടും ജ്വല്ലറിയിൽ പ്രവേശിച്ച് ആഭരണങ്ങൾ പ്ലാസ്റ്റിക് കീസുകളിൽ നിറച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിട്ടുണ്ട്.

തൊട്ടടുത്ത ദിവസം തൊഴിലാളി സ്വദേശത്തേക്ക് രക്ഷപ്പെടുകയും ചെയ്തു.  വ്യാഴാഴ്ച രാവിലെ ജ്വല്ലറി തുറന്നിട്ടില്ലെന്ന് അന്നേ ദിവസം ഉച്ചക്ക് മറ്റുള്ളവർ തന്നെ അറിയിച്ചതോടെയാണ് കവർച്ച നടന്നതായി തനിക്ക് സംശയം തോന്നിയതെന്ന് ജ്വല്ലറി ഉടമയായ സൗദി പൗരൻ സുൽത്താൻ അൽശഹ്‌രി പറഞ്ഞു.

ഉടൻ തന്നെ ജ്വല്ലറിയിലെത്തിയ തനിക്ക് സ്ഥാപനത്തിൽ നിന്ന് 21 കാരറ്റിലുള്ള ആഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായി. ഇതേക്കുറിച്ച് ഉടനടി താൻ സുരക്ഷാ വകുപ്പുകളെ അറിയിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് സൗദിയിലെത്തിക്കുന്നതിനും ആഭരണങ്ങൾ വീണ്ടെടുക്കുന്നതിനും സുരക്ഷാ വകുപ്പുകൾക്ക് സാധിക്കുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും സുൽത്താൻ അൽശഹ്‌രി പറഞ്ഞു. 

 

Latest News