തേഞ്ഞിപ്പലം-കാലിക്കറ്റ് സർവകലാശാലാ യൂനിയൻ നിയമാവലി ഭേദഗതി ചെയ്യുന്നതിനെതിരെ വിവിധ വിദ്യാർഥി യൂനിയനുകൾ നടത്തിയ വാഴ്‌സിറ്റി സിൻഡിക്കേറ്റ് മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. അസ്താഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യു.യു.സി വോട്ടെടുപ്പിൽ സ്വാശ്രയ കോളേജ് വിദ്യാർത്ഥികളോടുള്ള അനീതി അംഗീകരിക്കില്ലെന്നും എസ്.എഫ്.ഐ യുടെ താൽപര്യം സംരക്ഷിക്കാൻ ഇടത് സിൻഡേിക്കറ്റ് നടത്തുന്ന ഗൂഢാലോചന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സിൻഡിക്കേറ്റ് യോഗം നടക്കുന്ന അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലേക്ക് നടത്തിയ മാർച്ച് എ.ഡി ബ്ലോക്കിന് മുമ്പിൽ പോലീസ് തടയുകയായിരുന്നു. പോലീസ് വലയം മറികടന്ന പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. ഫ്രറ്റേണിറ്റി ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. നിസാർ, ജില്ലാ നേതാക്കളായ സബിൽ ചെമ്പ്രശ്ശേരി, സാബിക് വെട്ടം, ജൗഹർ എന്നിവർക്കും പരിക്കേറ്റു.
തിരൂർ ഡിവൈ.എസ്.പി തോട്ടത്തിൽ ജലീലിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം, തിരൂരങ്ങാടി, കരിപ്പൂർ, കൊണ്ടോട്ടി, കോട്ടക്കൽ തുടങ്ങിയ സ്റ്റേഷനിലെ എസ്.ഐമാരടക്കമുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമരം ഉച്ചക്ക് രണ്ടരയേടെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് അവസാനിച്ചത്.
യൂനിയൻ തെരഞ്ഞെടുപ്പിൽ സ്വാശ്രയ കോളേജുകൾക്ക് നിലവിലുണ്ടായിരുന്ന വോട്ടവകാശം വെട്ടിക്കുറച്ചുള്ള ബൈലോ ഭേദഗതി എസ്.എഫ്.ഐ സംഘടനാ നേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് വഴങ്ങിയാണെന്ന് സമരക്കാർ ആരോപിച്ചു. നിയമാവലി പരിഷ്‌കരണം വേണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരും ഇന്നലെ പ്രകടനം നടത്തി.