Sorry, you need to enable JavaScript to visit this website.

പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ വരുന്നു 

കോഴിക്കോട്- പതിനേഴ് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പിണറായി സര്‍ക്കാര്‍ മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 
മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ടുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നാണ് സൂചന.  
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനൊപ്പം മൂന്ന് മുതല്‍ അഞ്ച് വരെ പുതുമുഖങ്ങള്‍ മന്ത്രി സഭയിലെത്താന്‍ സാധ്യതയുണ്ട്. പി. ശ്രീരാമകൃഷ്ണന് പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും. വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയെയും കൂടാതെ കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെയും കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. 
ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20ല്‍ നിന്ന് 21 ആയി ഉയരും. 
ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എ0എംമണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ എന്നിവര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. 
മുതിര്‍ന്ന മന്ത്രിമാരായ ഇ.പി.ജയാരജനും എ.കെ.ബാലനും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറല്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരനാണ് സാധ്യത. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കൂടുതലാണ്.  ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച്  കെ.ബി.ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥാനമൊഴിയാന്‍ കൂടുതല്‍ പേര്‍ തയ്യാറായാല്‍ എം.സ്വരാജ്, എ.എന്‍.ഷംസീര്‍ എന്നീ യുവമുഖങ്ങളേയും മുതിര്‍ന്ന നേതാവ് സി.കെ.ശശീന്ദ്രനേയും പരിഗണിക്കാനിടയുണ്ട്. 

Latest News