കൊച്ചി- ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ആരോപണം ഉന്നയിക്കാൻ തനിക്ക് വീടും പണവും വാഗ്ദാനവും ചെയ്തിരുന്നതായി യുവതിയുടെ വെളിപ്പെടുത്തൽ.
ജാഫർ ആലത്തൂർ, നൂർ മുഹമ്മദ് കുന്നംപറമ്പിൽ എന്നിവരാണ് ആരോപണം ഉന്നയിപ്പിച്ചതെന്നും യുവതി ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. എനിക്ക് വീട് വെക്കാൻ പണം തരാമെന്ന് പറഞ്ഞിട്ടാണ് ആരോപണം ഉന്നയിപ്പിച്ചതെന്നും യുവതി വ്യക്തമാക്കി. ആർ.സി.സിയിലുള്ള രോഗികളെ ഏർപ്പാടാക്കി കൊടുത്താൽ ഒരു രോഗിക്ക് കാൽ ലക്ഷം രൂപ വെച്ച് കമ്മീഷൻ നൽകാമെന്നും ജാഫർ ആലത്തൂർ വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.
എന്നെ മുന്നിൽ നിർത്തിയാണ് ഇവർ ഫിറോസിനെതിരെ ആരോപണം ഉന്നയിപ്പിച്ചത്. ആളുകളെ കൊണ്ട് ഫോൺ ചെയിപ്പിച്ച് ഫിറോസിനെതിരെ ആരോപണം പറയാൻ പ്രേരിപ്പിച്ചുവെന്നും യുവതി പറയുന്നു.
ജാഫർ ആലത്തൂർ അയച്ച മെസേജ് ഫിറോസിന് അയച്ചുകൊടുത്തിട്ടുണ്ട്. ഞാൻ കാരണം ഫിറോസിന് ഒന്നുമുണ്ടാകരുതെന്ന് ആലോചിച്ചിട്ടാണ് ഇത് ചെയ്തത്. ഫിറോസ് ഒരു തെറ്റും ചെയ്തിട്ടില്ല. ഫിറോസിന് നേരെയുള്ള ആരോപണത്തിന് പിന്നിലും ഇത്തരം ചാരിറ്റി പ്രവർത്തകരാണെന്നും യുവതി വ്യക്തമാക്കുന്നു.