കൊച്ചി- നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് പ്രത്യേക കോടതിയില്‍ പുനരാരംഭിക്കുന്നു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിഭാഗം വാദം തുടങ്ങും. പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
അതേസമയം, കേസിലെ പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരാകില്ലെന്നാണ് സൂചന. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്ന മേസ്തിരി സനിലിന്റെ ജാമ്യം വിചാരണക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
നടിയെ ആക്രമിക്കുന്നതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ വെച്ച് ദിലീപിനോ അഭിഭാഷകനോ കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
ഇരയുടെ സ്വകാര്യത മാനിച്ചാണ് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറാത്തതെന്നാണ് കോടതി വ്യക്തമാക്കിയത്.
ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നതിനെ നടി ശക്തമായി എതിര്‍ത്തിരുന്നു. കര്‍ശന ഉപാധികളോടെയാണെങ്കില്‍ പോലും ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് നടി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ സമര്‍പ്പിച്ചിരുന്നു.