പാരിസ് - ഈ വർഷത്തെ മികച്ച ഫുട്‌ബോൾ താരങ്ങൾക്കുള്ള ബാലൻഡോർ ബഹുമതി അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസ്സി സ്വന്തമാക്കി. പ്രതീക്ഷിച്ച പോലെ വനിതാവിഭാഗത്തിൽ വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ലോക ചാമ്പ്യൻ മെഗാൻ റാപിനോക്കാണ് ബാലൻഡോർ. പാരിസിൽ ഇന്ന് രാത്രിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ആറാം തവണയാണ് മെസ്സി ബാലൻഡോർ സ്വന്തമാക്കുന്നത്.
ലിവർപൂളിന്റെ ഡച്ച് ഡിഫന്റർ വിർജിൽ വാൻഡെക്കുമായിട്ടായിരുന്നു മെസ്സിയുടെ മത്സരം. യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷൻ വാൻഡെക്കിനെയാണ് മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്. എന്നാൽ ഫിഫയുടെ ദ ബെസ്റ്റ് ബഹുമതി മെസ്സി കരസ്ഥമാക്കിയിരുന്നു. 180 പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റുകളാണ് വിജയികളെ തെരഞ്ഞെടുത്തത്. 2015 നു ശേഷം മെസ്സി ബാലൻഡോർ നേടിയിരുന്നില്ല.
വനിതാ വിഭാഗത്തിൽ റാപിനോക്ക് എതിരാളികളുണ്ടായിരുന്നില്ല. ദ ബെസ്റ്റ് ബഹുമതിയും അമേരിക്കക്കാരിക്കായിരുന്നു. ഫ്രാൻസിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ കിരീടത്തിലേക്കു നയിച്ചതിന്റെ ബലത്തിലാണ് റാപിനോക്ക് പാരിസിൽ മറ്റൊരു പുരസ്‌കാരം ലഭിച്ചത്. സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി അറിയിക്കുന്നതായി റാപിനോ വ്യക്തമാക്കി.
റാപിനോ
ഒരു ദശകത്തോളമായി മെസ്സിയും ക്രിസ്റ്റിയാനോയും കുത്തകയാക്കി വെച്ച ബാലൻഡോർ കഴിഞ്ഞ വർഷം ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച്ചിനാണ് ലഭിച്ചത്.
യുവ കളിക്കാരനുള്ള കോപ ട്രോഫി ഡച്ച് താരം മാത്ജിസ് ഡേ ലിറ്റ് സ്വന്തമാക്കി. കഴിഞ്ഞവർഷം ഈ വിഭാഗത്തിലെ അവാർഡ് ഫ്രാൻസിന്റെ ക്വീലൻ എംബപ്പെക്കായിരുന്നു. യുവന്റസ് താരമാണ് മാത്ജിസ്. 1958-ൽ ബാലൻഡോർ നേടിയ റയൽ മഡ്രീഡിന്റെയും ഫ്രാൻസിന്റെയും താരമായ റെയ്മണ്ട് കോപയുടെ ഓർമ്മയ്ക്കാണ് യുവപ്രതിഭക്കുള്ള കോപ ട്രോഫി പുരസ്‌കാരം ഏർപ്പെടുത്തിയത്.
മാത്ജിസ് ഡേ ലിറ്റ്
ലിവർപുൾ ഗോളി അലിസണാണ് മികച്ച ഗോളി. ലിവർപൂളിനെ മികച്ച നിലയിൽ എത്തിക്കാനും ബ്രസീലിന് കോപ അമേരിക്ക നേടാനും അവസരമൊരുക്കിയത് അലിസണിന്റെ ഗോൾ പോസ്റ്റിന് താഴെയുള്ള മികച്ച പ്രകടനമായിരുന്നു.