റിയാദ് - സൗദി അറാംകോ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ സ്ഥാപനങ്ങൾക്കു വേണ്ടി നീക്കിവെച്ച ഓഹരികൾക്കുള്ള ആവശ്യം 227 ശതമാനം കവിഞ്ഞതായി ഐ.പി.ഒ ഫിനാൻഷ്യൽ കൺസൾട്ടന്റുമാരമായ സാംബ കാപിറ്റലും അൽഅഹ്‌ലി കാപിറ്റലും എച്ച്.എസ്.ബി.സി സൗദി അറേബ്യയും അറിയിച്ചു.
ഐ.പി.ഒ ആരംഭിച്ച് പതിനഞ്ചു ദിവസത്തിനിടെ 455.1 കോടിയിലേറെ ഓഹരികൾ സ്ഥാപനങ്ങൾ വാങ്ങി. ഇതിന് 14,416 കോടിയിലേറെ റിയാൽ വില വരും. സ്ഥാപനങ്ങൾക്ക് 200 കോടി ഓഹരികളാണ് (ഒരു ശതമാനം ഷെയറുകൾ) അറാംകോ നീക്കിവെച്ചിരുന്നത്. ഇതിന്റെ ഇരട്ടിയിലേറെ ഓഹരികൾക്ക് സ്ഥാപനങ്ങൾ അപേക്ഷ നൽകി.
അറാംകോ ഓഹരികൾ വാങ്ങുന്നതിന് സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയപരിധി നാളെ വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും. വ്യക്തികൾക്ക് 100 കോടി ഓഹരികളാണ് (അര ശതമാനം ഷെയറുകൾ) നീക്കിവെച്ചിരുന്നത്. ഇതിന്റെ സമയപരിധി കഴിഞ്ഞ മാസം 28 ന് അവസാനിച്ചിരുന്നു. 148 കോടി ഓഹരികളാണ് വ്യക്തികൾ വാങ്ങിയത്.