ദമാം- ഓഫർ വ്യവസ്ഥകൾ ലംഘിച്ചതിന് വ്യാപാര സ്ഥാപനത്തിന് ദമാം ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ദമാമിൽ സ്‌പോഞ്ച് ഉൽപന്നങ്ങൾ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന അബ്ദുൽഖാലിഖ് സഈദ് കൊമേഴ്‌സ്യൽ കമ്പനി ശാഖക്ക് ആണ് പിഴ. സ്ഥാപനത്തിന്റെ പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഓഫറിനു മുമ്പും ശേഷവുമുള്ള വിലകൾ താരതമ്യം ചെയ്യുന്ന സ്റ്റിക്കർ ഉൽപന്നങ്ങളിൽ പതിച്ചിട്ടില്ലെന്നും സ്ഥാപനത്തിൽ എളുപ്പത്തിൽ കാണുന്ന സ്ഥലത്ത് ഓഫർ ലൈസൻസ് പ്രദർശിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.