Sorry, you need to enable JavaScript to visit this website.

എയ്ഡ്‌സ് രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ നിയമ നടപടി

റിയാദ് - എയ്ഡ്‌സ് രോഗികൾക്ക് ചികിത്സയും ശസ്ത്രക്രിയയും മറ്റു ആരോഗ്യ പരിചരണങ്ങളും നിഷേധിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളും ജീവനക്കാരും നിയമാനുസൃത നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ മുന്നറിയിപ്പ് നൽകി. രോഗികൾക്ക് ഓപ്പറേഷനുകളും ദന്ത ചികിത്സയും അടക്കമുള്ള ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നൽകുന്നതിന് ആരോഗ്യ സ്ഥാപനങ്ങളും ജീവനക്കാരും വിസമ്മതിക്കാൻ പാടില്ല.

 

ചികിത്സകൾ നൽകുമ്പോൾ ദേശീയ എയ്ഡ്‌സ് വിരുദ്ധ പ്രോഗ്രാം അംഗീകരിച്ച മുൻകരുതൽ നടപടികൾ സ്വീകരിക്കൽ അനിവാര്യമാണ്. 
രോഗികളുമായി ഇടപഴകുമ്പോൾ മെഡിക്കൽ എത്തിക്‌സ് നടപ്പാക്കുന്നതിനും ആരോഗ്യ പ്രവർത്തകരുടെ ശേഷികൾ ഉയർത്തുന്നതിനും ഇക്കാര്യത്തിൽ പരിശീലനങ്ങൾ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്ഥാപനങ്ങൾ സ്വീകരിക്കണം. എയ്ഡ്‌സ് രോഗിയായ ഗർഭിണിക്കും ഗർഭസ്ഥശിശുവിനും എല്ലാവിധ ചികിത്സാ സേവനങ്ങളും പരിചരണങ്ങളും ലഭിക്കുന്നതിനും അവകാശമുണ്ട്. 
ഗർഭധാരണത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനിടെ തന്നെ ഗർഭിണികൾക്ക് ആശുപത്രികൾ എയ്ഡ്‌സ് പരിശോധന നടത്തൽ നിർബന്ധമാണ്.

 

ഗർഭിണികൾക്ക് എത്രതവണ എയ്ഡ്‌സ് പരിശോധനകൾ നടത്തണമെന്ന കാര്യം ചികിത്സിക്കുന്ന ഡോക്ടറാണ് നിർണയിക്കേണ്ടത്. ഗർഭധാരണ സമയത്ത് എയ്ഡ്‌സ് പരിശോധന നടത്താത്തവർക്ക് പ്രസവ സമയത്ത് പരിശോധന നടത്തൽ നിർബന്ധമാണ്. എയ്ഡ്‌സ് സ്ഥിരീകരിക്കുന്ന സ്ത്രീക്കും നവജാതശിശുവിനും പ്രസവ മുറിയിൽ പ്രതിരോധ ചികിത്സകൾ ലഭ്യമാക്കിയിരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

Latest News