റിയാദ് - പ്രഥമ സൗദി മീഡിയ ഫോറത്തിന് പ്രൗഢോജ്വല തുടക്കം. മാധ്യമ വ്യവസായം...അവസരങ്ങളും വെല്ലുവിളികളും എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന ഫോറത്തിൽ 32 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. ശബ്ദ, ദൃശ്യ, അച്ചടി മാധ്യമ വ്യവസായ മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യുന്ന 50 ലേറെ സെഷനുകളും ശിൽപശാലകളും നടക്കും.
വർധിച്ചുവരുന്ന സാങ്കേതിക വികാസത്തിന്റെയും സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തിന്റെയും ഡിജിറ്റൽ ആധിപത്യത്തിന്റെയും പശ്ചാത്തലത്തിൽ പ്രാദേശികവും അന്തർദേശീയവുമായ അനുഭവങ്ങളും മാധ്യമ വെല്ലുവിളികളും ഫോറം വിശകലനം ചെയ്യും. ടോക്ക് ഷോ അനുഭവം, അവയുടെ സ്വീകാര്യത, നേരിടുന്ന പ്രശ്‌നങ്ങൾ, പ്രൊഫഷനൽ വിജയത്തിന്റെ ആവശ്യകോപാധികൾ, പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിശ്വാസ്യത, കിംവദന്തി വിരുദ്ധ പോരാട്ടം, ഇവയുടെ സ്വാധീനം എന്നിവയിലേക്ക് ഫോറം വെളിച്ചം വീശും. മാധ്യമ നിക്ഷേപം, പരസ്യ വരുമാനം അടക്കം മാധ്യമ മേഖലയുമായും മേഖല നേരിടുന്ന വെല്ലുവിളികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഫോറം വിശകലനം ചെയ്യും.
രാജകുമാരന്മാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്. ഫോറത്തോടനുബന്ധിച്ച് സൗദി മാധ്യമ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.
മാധ്യമ ഉള്ളടക്ക വികാസം, മത്സരം ഉത്തേജിപ്പിക്കൽ, പ്രതിഭകളെ ആദരിക്കൽ എന്നിവയാണ് സൗദി ജേർണലിസ്റ്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.