Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഓൺലൈൻ സ്റ്റോറുകൾക്കെതിരെ 36,122 പരാതികൾ

റിയാദ് - പതിനൊന്നു മാസത്തിനിടെ ഓൺലൈൻ സ്റ്റോറുകൾക്കെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് ലഭിച്ചത് 36,122 പരാതികൾ. പരസ്യങ്ങളിലെ വിവരം ശരിയല്ലാതിരിക്കൽ, ഡെലിവറിക്ക് കാലതാമസം വരുത്തൽ, ഓർഡർ ചെയ്ത് വാങ്ങിയതിന് വിരുദ്ധമായ ഉൽപന്നങ്ങൾ എന്നിവ അടക്കം ഓൺലൈൻ സ്റ്റോറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ചാണ് ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചത്. 


വ്യാജ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ചതിന് ജനുവരി ഒന്നു മുതൽ നവംബർ 30 വരെയുള്ള പതിനൊന്നു മാസക്കാലത്ത് സാമൂഹികമാധ്യമങ്ങളിലെ 38 അക്കൗണ്ടുകൾ മന്ത്രാലയം ബ്ലോക്ക് ചെയ്തു. കഴിഞ്ഞ വർഷാദ്യം മുതൽ ഇതുവരെയുള്ള കാലത്ത് ഇത്തരത്തിൽ പെട്ട 94 അക്കൗണ്ടുകൾ മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്. ട്രേഡ്മാർക് ഉടമകളുമായി സഹകരിച്ചാണ് വ്യാജ ഉൽപന്നങ്ങൾ വിപണനം നടത്തുന്ന സാമൂഹികമാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നത്. 


ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾക്ക് പരിഹാരം കാണുന്നതിന് സഹകരിക്കാത്തതിന് ഓൺലൈൻ സ്റ്റോറുകൾക്കുള്ള വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ 'മഅ്‌റൂഫ' പോർട്ടലിൽ 61 ഓൺലൈൻ സ്റ്റോറുകളുടെ അംഗത്വം താൽക്കാലികമായി മരവിപ്പിച്ചു. വിൽപനാനന്തര സേവനത്തെ കുറിച്ചാണ് ഓൺലൈൻ സ്റ്റോറുകൾക്കെതിരെ ഉപയോക്താക്കളിൽ നിന്ന് കൂടുതൽ പരാതികളും ലഭിച്ചത്. പരാതികൾ പരിഹരിക്കുന്നതിന് സഹകരിക്കുന്ന പക്ഷം ഓൺലൈൻ സ്റ്റോറുകളുടെ അംഗത്വം പുനഃസ്ഥാപിക്കും. നിയമ ലംഘനം ആവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകളുടെ അംഗത്വം എന്നെന്നേക്കുമായി റദ്ദാക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 


ഓൺലൈൻ വ്യാപാര നിയമം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും താൽക്കാലികമായോ എന്നെന്നേക്കുമായോ പ്രവർത്തന വിലക്കും ശിക്ഷ ലഭിക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഓൺലൈൻ സ്റ്റോറുകൾ താൽക്കാലികമായോ എന്നെന്നേക്കുമായോ ബ്ലോക്കും ചെയ്യും. 
നിയമ ലംഘനം നടത്തുന്ന ഓൺലൈൻ സ്റ്റോറുകളുടെ പേരുവിവരങ്ങളും അവർ നടത്തുന്ന നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും നിയമം അനുവദിക്കുന്നുണ്ട്. 


വെബ്‌സൈറ്റുകളും സാമൂഹികമാധ്യമങ്ങളും വഴിയുള്ള ദോഷകരമായ വ്യാപാരങ്ങൾ ചെറുക്കുന്നതിനാണ് 'ഥിഖ ബിസിനസ് സർവീസസ് കമ്പനി'യുമായി സഹകരിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയം 'മഅ്‌റൂഫ' പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നത് ഉറപ്പുവരുത്തുന്നതിന് ഓൺലൈൻ സ്റ്റോറുകളും ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരെയും വാണിജ്യ, നിക്ഷേപ മന്ത്രാലയം പതിവായി നിരീക്ഷിക്കുന്നു. സ്ത്രീപുരുഷന്മാർക്കും സ്ഥാപനങ്ങൾക്കും 'മഅ്‌റൂഫ' പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 
പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ മുഴുവൻ നിയമങ്ങളും ബാധകമാണ്. 

 

Latest News