പാലക്കാട്- നന്മചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ പേരിൽ തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ അരങ്ങുതകർക്കുകയാണെന്നും ഇനി ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ടുപോകാനില്ലെന്ന് ഫിറോസ് കുന്നുംപറമ്പിൽ. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ ഉപയോഗിച്ച് വരെ അപവാദ പ്രചാരണം നടത്തുകയാണെന്നും ഇനിയും ഈ മേഖലയിൽ തുടരാൻ താൽപര്യമില്ലെന്നും ഫിറോസ് പറഞ്ഞു. ഒരുപാട് ആളുകളെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അവരോടെല്ലാം മാപ്പ് ചോദിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി. ഒന്നരവർഷമായി നിരന്തരമായി ആരോപണങ്ങളും പരാതിയുമായി നടക്കുകയാണ്. എന്നാൽ ഒരു ആരോപണവും തെളിയിക്കാനായില്ല. ചാരിറ്റിയിലൂടെ ഉണ്ടാക്കിയെടുത്ത മൂല്യത്തിലൂടെ ലഭിക്കുന്ന ഉദ്ഘാടന ചടങ്ങുകളിൽനിന്ന് ലഭിക്കുന്ന പണം പോലും ചാരിറ്റിക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
എനിക്കും മനസമാധാനം വേണം. ജീവിക്കാൻ കഴിയാത്ത സഹചര്യം ഭൂമിയിലുണ്ടാക്കുമെന്നല്ലാതെ മറ്റൊന്നും കിട്ടാനില്ല. ജീവിതത്തിൽ പ്രത്യേകിച്ച വലിയ ആഗ്രഹങ്ങളൊന്നുമില്ല. നേരത്തെ ചെയ്ത നാമമാത്ര ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. ഒരു മനുഷ്യനോടും ഇത്രയും ക്രൂരത കാണിക്കരുതെന്നും തിരുവനന്തപുരം നിവാസികളോട് പ്രത്യേകിച്ച് ഉണർത്തുന്നുവെന്നും ഫിറോസ് വ്യക്തമാക്കി. വ്യക്തിപരമായി ഞാനൊരു തോൽവിയായിരിക്കുമെന്നും എന്നാൽ ചെയ്ത പ്രവർത്തനങ്ങളിൽ നൂറു ശതമാനം സത്യസന്ധത പുലർത്തിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങളിൽ മറ്റുള്ളവർ നടത്തുന്ന കള്ളത്തരങ്ങൾക്ക് ഞാൻ മറുപടി പറയണമെന്ന നിലയാണ് ഇപ്പോഴുള്ളത്. പോരാളി ഷാജി അടക്കമുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തനിക്കെതിരെ കൂടുതൽ ആരോപണങ്ങളുണ്ടായത്. ഒരു സ്ത്രീക്ക് അൻപതിനായിരം രൂപ നൽകിയാണ് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത്. തനിക്കും കുടുംബവും മക്കളുമുണ്ട്. നിരവധി ത്യാഗങ്ങൾ സഹിച്ചാണ് ഈ മേഖലയിൽ ഇതേവരെ നിന്നത്. ആരോപണത്തിന് പിന്നിൽ ചില രാഷ്ട്രീയ കക്ഷികൾക്കും പങ്കുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ വേദനയുണ്ടാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ ലോകത്ത് നന്മക്ക് ഒരു സ്ഥാനവുമില്ല. പണം അപഹരിച്ചുവെന്ന് പറയുന്നവർ ആ കേസുമായി മുന്നോട്ടുപോകണം. ഇനി ഈ മേഖലയിലേക്ക് ഇല്ലെന്നും ഫിറോസ് വ്യക്തമാക്കി.