കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്ന് ഒരു കോടിയുടെ രണ്ടര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇവരിൽ രണ്ടുപേർ മസ്‌കത്തിൽനിന്നും ഒരാൾ റിയാദിൽനിന്ന് മസ്‌കത്ത് വഴിയുമാണ് കരിപ്പൂരിലെത്തിയത്. സ്വർണ മിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനാണ് മൂവരും ശ്രമിച്ചത്.
കോഴിക്കോട് ഓമശ്ശേരി സ്വദേശി പി.ശിഹാബുദ്ദീനിൽനിന്ന് 890 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. റിയാദിൽനിന്ന് മസ്‌കത്ത് വഴി വന്ന വയനാട് മേപ്പാടി സ്വദേശി ഇല്യാസിൽനിന്ന് 600 ഗ്രാം സ്വർണവും മലപ്പുറം പെരിന്തൽമണ്ണ ശ്രീജേഷ് എന്ന യാത്രക്കാരനിൽനിന്ന് 570 ഗ്രാം സ്വർണവും കണ്ടെത്തി. സ്വർണ മിശ്രിതത്തിൽനിന്ന് ഒരു കോടിയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്. കരിപ്പൂരിൽ ശനിയാഴ്ച കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.
കസ്റ്റംസ് അസി. കമീഷനർ സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ഇൻസ്‌പെക്ടർമാരായ വിജിൽ, അഭിനവ്, റഹീസ്, സൗരഭ്, ശിൽപ്പ, രാമേന്ദർ, ഹവിൽദാർ പി.എം.ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.