കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കണം
റിയാദ് - രോഗികൾക്ക് ഏതു സമയവും മികച്ച ചികിത്സയും പരിചരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നത് ഉറപ്പാക്കുന്നതിന് സ്വകാര്യ ആരോഗ്യ സ്ഥാപന നിയമാവലി പരിഷ്‌കരിച്ചു.
കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ആരോഗ്യ സ്ഥാപനങ്ങളിൽ നിയമിക്കൽ നിർബന്ധമാണ്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമകൾ സൗദികളായ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരായിരിക്കണമെന്നും സ്ഥാപന നടത്തിപ്പ് ചുമതല ഇവർ ഫുൾടൈം അടിസ്ഥാനത്തിൽ വഹിക്കണമെന്നും വ്യവസ്ഥയുണ്ട്.
കൺസൾട്ടന്റ് ഡോക്ടർ മുപ്പതിലേറെ കിടക്കകൾക്കും ഡ്യൂട്ടി ഡോക്ടർ 20 ലേറെ കിടക്കകൾക്കും മേൽനോട്ടം വഹിക്കാൻ പാടില്ല. എല്ലാ ഷിഫ്റ്റുകളിലും ഓരോ 25 കിടക്കകൾക്കും ഒരു റെസിഡന്റ് ഡോക്ടർ വീതം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ക്ലിനിക്കുകളിൽ സ്ത്രീ-പുരുഷന്മാർക്ക് വെവ്വേറെ വെയ്റ്റിംഗ് ഏരിയ ലഭ്യമാക്കണം. ക്ലിനിക്കുകളിൽ ടോയ്‌ലെറ്റുകളും ഉണ്ടായിരിക്കണം. അത്യാഹിത വിഭാഗത്തിൽ ഓരോ പത്തു കിടക്കകൾക്കും ഒരു ഡ്യൂട്ടി ഡോക്ടറും രണ്ടു നഴ്‌സുമാരും വീതം ഇരുപത്തിനാലു മണിക്കൂറും ഉണ്ടായിരിക്കൽ നിർബന്ധമാണ്. പ്രസവ വിഭാഗങ്ങളുള്ള ആശുപത്രികളിൽ സിസേറിയനും സാധാരണ രീതിയിലുള്ള പ്രസവത്തിനും രണ്ടു റൂമുകൾ സജ്ജീകരിക്കണം. നവജാത ശിശുക്കൾക്ക് മൂന്നാമതൊരു മുറിയും പ്രായം തികയാതെ പ്രസവിക്കുന്ന ശിശുക്കൾക്ക് മറ്റൊരു മുറിയും ഒരുക്കണം.
പ്രസവ വിഭാഗങ്ങളുള്ള ആശുപത്രികൾ ഹെപ്പറ്റൈറ്റിസ് ഇ പരിശോധനകൾ നടത്തൽ നിർബന്ധമാണ്. ഹെപ്പറ്റൈറ്റിസ് ഇ ബാധിച്ചതായി കണ്ടെത്തുന്ന കേസുകൾ ചികിത്സക്കായി ആരോഗ്യ മന്ത്രാലയത്തിലേക്ക് മാറ്റണം. ആശുപത്രികളിൽ രോഗികൾക്ക് ഫയൽ തുറക്കൽ സൗജന്യമാക്കി. ഇതിന് ഫീസ് ഈടാക്കാൻ പാടില്ല. റേഡിയോളജി ഡിപ്പാർട്ട്‌മെന്റിൽ റേഡിയേഷൻ പ്രൊട്ടക്ഷൻ പ്രോഗ്രാം നടപ്പാക്കിയിരിക്കണം. ഹൃദയാഘാതങ്ങൾ അടക്കമുള്ള മുഴുവൻ അടിയന്തര കേസുകളിലും പണം ആവശ്യപ്പെടാതെ ഉടനടി ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾ ബാധ്യസ്ഥമാണെന്നും നിയമാവലി വ്യക്തമാക്കുന്നു.
മുഴുവൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സ്വയം വിലയിരുത്തൽ പ്രോഗ്രാമിന് വിധേയമാണ്. നിയമ, വ്യവസ്ഥകൾ പൂർണ തോതിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഫീൽഡ് പരിശോധകർ സ്ഥാപനങ്ങളിൽ നേരിട്ട് സന്ദർശനം നടത്തും. പദവികൾ ശരിയാക്കുന്നതിന് സ്ഥാപനങ്ങൾക്ക് സാവകാശം അനുവദിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് അനുവാദമുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന പ്രവർത്തന മേഖലകളും വിഭാഗങ്ങളും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരിക്കണം. ലൈസൻസ് കാലാവധി അവസാനിച്ചശേഷം പ്രവർത്തനം തുടരാനും പാടില്ല. ലൈസൻസില്ലാതെ തുറക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ അടപ്പിക്കുകയും ആറു മാസത്തിൽ കുറയാത്ത കാലത്തേക്ക് ലൈസൻസ് എടുത്തുകളയുകയും ചെയ്യും. നിയമ ലംഘകർക്ക് പിഴയും ചുമത്തും.
സേവന, ചികിത്സാ നിരക്കുകൾ അടങ്ങിയ പട്ടിക സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ തയാറാക്കി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം വാങ്ങണം. ഇതിൽ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് ഭേദഗതികൾ വരുത്താൻ പാടില്ല. ഒരേ രോഗത്തിന് പതിനാലു ദിവസത്തിനുള്ളിൽ വീണ്ടും ഡോക്ടറെ കാണാൻ സ്ഥാപനങ്ങൾ രോഗികളിൽനിന്ന് ഫീസ് ഈടാക്കാൻ പാടില്ല.
അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന തീരുമാനം പുറപ്പെടുവിക്കാൻ ആരോഗ്യ മന്ത്രിക്ക് അധികാരമുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ചികിത്സാ ചെലവുകൾ സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ മന്ത്രാലയം പിന്നീട് നൽകും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ എളുപ്പത്തിൽ കാണാവുന്ന സ്ഥലത്ത് ലൈസൻസ് തൂക്കണമെന്നും പരിഷ്‌കരിച്ച നിയമാവലി ആവശ്യപ്പെടുന്നു.