Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാൽ ലക്ഷത്തിലേറെ സ്ഥാപനങ്ങൾക്ക് സർക്കാർ ഫീസുകൾ തിരിച്ചു നൽകി  

റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് ഫീസുകൾ തിരികെ നൽകുന്ന പദ്ധതിയുടെ പ്രയോജനം ഇതിനകം 26,721 സ്ഥാപനങ്ങൾക്ക് ലഭിച്ചതായി ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ഗവർണർ എൻജിനീയർ സ്വാലിഹ് അൽറശീദ് വെളിപ്പെടുത്തി. 


ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ലോണുകൾ ലഭ്യമാക്കുന്ന പരോക്ഷ വായ്പാ പദ്ധതിയുടെ പ്രയോജനം 1,850 സ്ഥാപനങ്ങൾക്കും ലഭിച്ചു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന 28 ശതമാനമായി ഉയർന്നിട്ടുണ്ട്. 


സന്തുലിതവും സമഗ്രവുമായ വളർച്ച കൈവരിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. സാമ്പത്തിക മേഖലയുടെ ഉത്തേജനം ലക്ഷ്യമിട്ട് നിരവധി നിയമങ്ങൾ പരിഷ്‌കരിക്കുകയും ഫലപ്രദമായ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിരവധി വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ നടപ്പാക്കുന്നത് തുടരുന്നു. നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി പരിഷ്‌കരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി സൗദി സമ്പദ്‌വ്യവസ്ഥ സർവ മേഖലകളിലും വലിയ തോതിലുള്ള പരിവർത്തനത്തിനും വളർച്ചക്കും സാക്ഷ്യം വഹിച്ചു. 


ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വായ്പ ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനമാണ് സമീപ കാലത്ത് സൗദി അറേബ്യ നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്‌കരണം. സാമ്പത്തിക വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടും വിഷൻ 2030 പദ്ധതി ലക്ഷ്യം നേടുന്നതിനും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുന്നതിനാണ് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ശ്രമങ്ങൾ നടത്തുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ പങ്ക് 35 ശതമാനമായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നതായും എൻജിനീയർ സ്വാലിഹ് അൽറശീദ് പറഞ്ഞു. 

Latest News