ഫുജൈറ- 48 ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ട്രാഫിക് പിഴകള്‍ക്കും 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഫുജൈറ പോലീസ്.
'എല്ലാ ബ്ലാക്ക് പോയന്റുകളും ഇതോടെ റദ്ദാക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു. വാഹന ജപ്തിയും ഒഴിവാക്കും.
ഫുജൈറയിലെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കുന്ന ഈ ആനുകൂല്യം നവംബര്‍ 30 ന് മുമ്പ് ഫുജൈറ എമിറേറ്റിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ഗതാഗത നിയമലംഘനങ്ങള്‍ക്കും ബാധകമാണെന്ന് അവര്‍ അറിയിച്ചു.
ഡിസ്‌കൗണ്ട് പിഴകള്‍ രണ്ട് മാസത്തിനുള്ളില്‍ അടയ്ക്കാം, ഡിസംബര്‍ 2 മുതല്‍ ഫെബ്രുവരി 2 വരെ ഇത് പ്രാബല്യത്തിലുണ്ടാകും.
യു.എ.ഇ ദേശീയ ദിനാചരണ വേളയില്‍ വാഹനമോടിക്കുന്നവരുടെ കടങ്ങള്‍ തീര്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് സന്തോഷം നല്‍കുക എന്നിവക്ക് വേണ്ടിയാണ് ഈ നീക്കം.
ഫുജൈറയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും മറ്റ് രീതികളിലൂടെയും പിഴ അടക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും.