ദുബായ്- ആകാശത്ത് ചരിത്രം കുറിച്ച് എമിറേറ്റ്‌സ്. ദേശീയ ദിനാഘോഷത്തിന് പ്രൗഢി ചാര്‍ത്തി വ്യത്യസ്ത രാജ്യക്കാരുമായി വാനിലേക്ക് പറന്നുയര്‍ന്ന എമിറേറ്റ്‌സ് വിമാനം സഹിഷ്ണുതാ വര്‍ഷത്തിന്റെ യഥാര്‍ഥ പ്രതീകമായി.
അഞ്ഞൂറ് യാത്രക്കാരുമായാട്ടായിരുന്നു എമിറേറ്റ്‌സിന്റെ യാത്ര. ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാരുമായി നടത്തിയ യാത്രയെന്ന നിലയില്‍ ഈ സംരംഭം ഗിന്നസ് ബുക്കിലും ഇടം നേടി. 145 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ ചുറ്റിക്കറങ്ങി രാവിലെ പതിനൊന്നര മുതല്‍ ഒന്നര വരെയായിരുന്നു യാത്ര.
എമിറേറ്റ്‌സിന്റെ ഡബിള്‍ ഡക്കര്‍ വിമാനമായ എ 380 ആണു യാത്രക്ക് ഉപയോഗിച്ചത്. ഇകെ 2019 എന്നു പ്രത്യേകം നാമകരണം ചെയ്തു. സഹിഷ്ണുതാ സന്ദേശം വിളിച്ചോതി വിവിധ രാജ്യക്കാര്‍ കൈകോര്‍ത്തു നില്‍ക്കുന്ന ചിത്രം വിമാനത്തിന്റെ പുറത്ത് പെയിന്റ് ചെയ്തിരുന്നു. ചില രാജ്യങ്ങളിലെ പൗരന്മാര്‍ അവരുടെ പരമ്പരാഗത വസ്ത്രമണിഞ്ഞാണ് യാത്രക്കെത്തിയത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാണ് എമിറേറ്റ്‌സ് യാത്രക്കാരെ തെരഞ്ഞെടുത്തത്.