- പത്തു മാസത്തിനിടെ അയച്ചത് 10,405 കോടി റിയാൽ
റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ പത്തു മാസത്തിനിടെ അയച്ച പണത്തിൽ പത്തു ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ വിദേശികളുടെ റെമിറ്റൻസിൽ 9.7 ശതമാനം കുറവാണുണ്ടായത്. പത്തു മാസത്തിനിടെ വിദേശികൾ അയച്ചത് 10,405 കോടി റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികളുടെ റെമിറ്റൻസ് 11,522 കോടി റിയാലായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ വിദേശികൾ അയച്ച പണത്തിൽ 5.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഒക്ടോബറിൽ സൗദിയിലെ വിദേശികൾ ആകെ 1104 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2018 ഒക്ടോബറിൽ ഇത് 1172 കോടി റിയാലായിരുന്നു. 68.4 കോടി റിയാലിന്റെ കുറവ്.
ഒക്ടോബറിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ അഞ്ചു ശതമാനം വർധന രേഖപ്പെടുത്തി. ഒക്ടോബറിൽ സൗദികൾ 518 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. 2018 ഒക്ടോബറിൽ സൗദികൾ 490 കോടി റിയാലാണ് അയച്ചിരുന്നത്. ഈ വർഷാദ്യം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 7.4 ശതമാനം കുറവ് രേഖപ്പെടുത്തി. പത്തു മാസത്തിനിടെ സൗദികൾ 4718 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5090 കോടി റിയാലായിരുന്നു. പത്തു മാസത്തിനിടെ സൗദികളുടെ റെമിറ്റൻസിൽ 370 കോടി റിയാലിന്റെ കുറവാണുണ്ടായത്.
ഒമ്പതു വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ച് പണം അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. 2018 ൽ 13,640 കോടി റിയാലാണ് സൗദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2017 ൽ വിദേശികളുടെ റെമിറ്റൻസ് 14,166 കോടി റിയാലായിരുന്നു. 2015 ലാണ് സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്- 15,686 കോടി റിയാൽ. 2010 ൽ 9,880 കോടി റിയാലും, 2011 ൽ 11,000 കോടി റിയാലും 2012 ൽ 12,500 കോടി റിയാലും 2013 ൽ 14,700 കോടി റിയാലും 2014 ൽ 15,330 കോടി റിയാലും 2016 ൽ 15,189 കോടി റിയാലുമായിരുന്നു വിദേശികളുടെ റെമിറ്റൻസ്.
തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഫലമായാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്. രണ്ടു വർഷത്തിനിടെ 20 ലക്ഷത്തോളം വിദേശികൾ സൗദി അറേബ്യ വിട്ടിട്ടുണ്ട്. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ഊർജിത ശ്രമങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്നത്. ഇതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാദ്യം തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനമായിരുന്നു.