മക്ക - അൽശറായിഅ് ഡിസ്ട്രിക്ടിൽ വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ഉഗ്ര സ്‌ഫോടനത്തിൽ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയുടെ മുൻഭാഗവും വശവും തകരുകയും അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച് താഴെ നിർത്തിയിട്ടിരുന്ന മൂന്നു കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപത്തെ മറ്റൊരു കെട്ടിടത്തിനും സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.
സ്‌ഫോടന സമയത്ത് വീട്ടിലുണ്ടായിരുന്നയാളാണ് മരിച്ചത്. അപകടത്തെ കുറിച്ച് ഇന്നലെ പുലർച്ചെ 5.20 ന് ആണ് സിവിൽ ഡിഫൻസിൽ വിവരം ലഭിച്ചതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ നായിഫ് അൽശരീഫ് പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. പാചകവാതം ചോർന്ന് വീടിനകത്ത് ഗ്യാസ് നിറഞ്ഞതാണ് സ്‌ഫോടനത്തിന് കാരണം.
വീടുകളിൽ നിന്ന് പുറത്തു പോകുന്നതിനും ഉറങ്ങാൻ കിടക്കുന്നതിനും മുമ്പായി ഗ്യാസ് സിലിണ്ടറുകൾ പൂട്ടിയിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം.
ഗ്യാസ് ചോർച്ച തടയുന്ന ഉപകരണം സിലിണ്ടറുകളിൽ സ്ഥാപിക്കുകയും വേണം. ഗ്യാസ് ചോർച്ച ശ്രദ്ധയിൽ പെട്ടാൽ ജനലുകളും വാതിലുകളും തുറന്നിട്ട് സ്ഥലത്ത് വായു സഞ്ചാരമുണ്ടാക്കൽ നിർബന്ധമാണ്. അഗ്നിബാധക്ക് ഇടയാക്കുന്ന ഒരു വസ്തുക്കളും പ്രവർത്തിപ്പിക്കരുതെന്നും സിവിൽ ഡിഫൻസ് വക്താവ് ആവശ്യപ്പെട്ടു.