- ലോകത്ത് എയർപോർട്ടുകളിലെ ഏറ്റവും വലിയ അക്വേറിയം
- സ്രാവുകളടക്കം രണ്ടായിരത്തിലേറെ ഇനം മത്സ്യങ്ങൾ
ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിലെ അക്വേറിയം ഉദ്ഘാടനം ചെയ്തു. ലോകത്തെ വിമാനത്താവളങ്ങളിലെ അക്വേറിയങ്ങളിൽ ഏറ്റവും വലുതാണിത്. സ്രാവുകൾ അടക്കം രണ്ടായിരത്തിലേറെ ഇനങ്ങളിൽ പെട്ട മത്സ്യങ്ങൾ ഈ അക്വേറിയത്തിലുണ്ട്. ഇക്കൂട്ടത്തിൽ ചിലത് അപൂർവ ഇനത്തിൽ പെട്ടവയാണ്. 14 മീറ്റർ ഉയരവും പത്തു മീറ്റർ വ്യാസവുമുള്ള അക്വേറിയത്തിൽ പത്തു ലക്ഷം ലിറ്റർ വെള്ളമാണ് നിറച്ചിരിക്കുന്നത്. ശുദ്ധജലവും ജർമൻ ഉപ്പും കലർത്തിയ വെള്ളത്തിന്റെ താപനില 26 ഡിഗ്രിയിൽ ക്രമീകരിച്ചിരിക്കുന്നു.
8,10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ ജിദ്ദ എയർപോർട്ട് ടെർമിനൽ മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ടെർമിനലുകളിൽ ഒന്നാണ്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം മൂന്നു കോടി യാത്രക്കാർക്ക് വന്നുപോകുന്നതിന് എയർപോർട്ടിന് ശേഷിയുണ്ട്. 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പൂന്തോട്ടമാണ് ടെർമിനലിന്റെ മറ്റൊരു പ്രത്യേകത. ഇതിനു മധ്യത്തിലായാണ് യാത്രക്കാരെ ഡിപ്പാർച്ചർ ഗെയ്റ്റുകളിലേക്ക് നീക്കുന്ന ഓട്ടോമാറ്റഡ് ട്രെയിൻ സ്റ്റേഷനുള്ളത്.
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതിയ ടെർമിനലിലേക്ക് ഘട്ടംഘട്ടമായി സർവീസുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. 35 ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലേക്കുള്ള സർവീസുകൾ സൗദിയ പുതിയ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തിഹാദ് എയർവേയ്‌സ് സർവീസുകളും പുതിയ ടെർമിനലിലേക്ക് മാറ്റി. പുതിയ ടെർമിനലിലേക്ക് സർവീസുകൾ മാറ്റിയ ആദ്യ വിദേശ വിമാന കമ്പനിയാണ് ഇത്തിഹാദ്.
പുതിയ ടെർമിനലിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 220 എയർലൈൻസ് കൗണ്ടറുകളും 80 സെൽഫ് സർവീസ് കൗണ്ടറുകളും 46 ഗെയ്റ്റുകളുമുണ്ട്. എയർബസ് എ-380 ഇനത്തിൽ പെട്ട സൂപ്പർ ജംബോ വിമാനങ്ങളെ സ്വീകരിക്കാൻ കഴിയുന്ന കവാടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഒരേ സമയം 70 വിമാനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് ഗെയ്റ്റുകളിൽ 94 എയ്‌റോ ബ്രിഡ്ജുകളുമുണ്ട്. പുതിയ ടെർമിനലിലെ കൺവെയർ ബെൽറ്റുകൾക്ക് ആകെ 34 കിലോമീറ്റർ നീളമുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കായി 120 മുറികൾ അടങ്ങിയ മൂന്നുനില ഹോട്ടലും ഒന്നാം നമ്പർ ടെർമിനലിലുണ്ട്.