റിയാദ് - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരനായ സിറിയക്കാരനെ നാടുകടത്തുന്നതിന് റിയാദ് ക്രിമിനൽ കോടതി വിധിച്ചു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കോൺട്രാക്ടിംഗ് മേഖലയിൽ സ്വന്തം നിലക്ക് പ്രവർത്തിച്ച ഹുസൈൻ അലി അഹ്മദിനെ നാടുകടത്തുന്നതിനാണ് വിധി.
സിറിയക്കാരനും ബിനാമി സ്ഥാപനം നടത്തുന്നതിന് ഇയാൾക്ക് കൂട്ടുനിന്ന സൗദി പൗരൻ ആദിൽ ബിൻ നജാ ബിൻ ഫാഹിദ് അൽഉതൈബിക്കും കോടതി പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്.
നിയമാനുസൃത സക്കാത്തും നികുതികളും ഫീസുകളും നിയമ ലംഘകരിൽനിന്ന് ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ടെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.