ഇന്ത്യൻ ജനാധിപത്യത്തിൽ അനിവാര്യമായ ദുരന്തം നടന്ന ദിനം എന്നായിരിക്കും 2019 നവംബർ 28 ചരിത്രത്തിൽ രേഖപ്പെടുത്തുക. കോൺഗ്രസിന്റേയും എൻസിപിയുടേയും പങ്കാളിത്തത്തോടെ ശിവസേനയുടെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ അധികാരത്തിലെത്തുക എന്നത് രാജ്യം അടുത്തു കണ്ട വലിയ രാഷ്ട്രീയ ദുരന്തങ്ങളിൽ ഒന്നാണ്. എന്നാലിത് അനിവാര്യമായ ഒന്നാണ് എന്നതാണ് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നത്. ഇതൊഴിവാക്കുകയും നിയമസഭ പിരിച്ചുവിട്ട് പുതിയൊരു തെരഞ്ഞെടുപ്പു വരികയും ചെയ്താൽ ബിജെപി ഒറ്റക്കു തന്നെ അധികാരത്തിലെത്താൻ കൂടുതൽ സാധ്യത. മാത്രമല്ല, എന്തൊക്കെയാണെങ്കിലും വർഗീയ ശക്തികൾക്കിടയിലെ ഭിന്നത രൂക്ഷമാക്കാൻ ഇത്തരമൊരു മന്ത്രിസഭ വരുന്നത് നന്നായിരിക്കും. മാത്രമല്ല, ഇതോടെ രാജ്യത്ത് പകുതിയേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ ബിജെപിയുടെ ഭരണം ഇല്ലാതാകുകയാണ്. അതിനാൽ തന്നെ മറ്റൊരു സാധ്യത ജനാധിപത്യ - മതേതര ശക്തികൾക്ക് ഇപ്പോഴില്ല.
ശിവസേനയുടെ വർഗീയ - പ്രാദേശിക നിലപാടുകൾക്ക് ഇപ്പോൾ കുറവുണ്ട് എന്ന വാദം നിലവിലുണ്ട്. അതു ശരിയാണുതാനും. മോഡി - അമിത്ഷാ നേതൃത്വത്തിന്റെ വരവോടെയും ബാൽതാക്കറെയുടെ മരണത്തോടെയും വർഗീയതയിൽ ബിജെപി ശിവസേനയെ മറികടന്നു എന്നത് ശരിയാണ്. ശിവസേനയുടെ മറാത്താവാദത്തിനും ഇപ്പോൾ പഴയ ശൗര്യമില്ല. അപ്പോഴും അടുത്ത കാലത്തൊന്നും ക്ഷമിക്കാനാവാത്ത വിധത്തിലുള്ള പാതകങ്ങൾ ശിവസേന ചെയ്തിട്ടുണ്ട്. അതിന്റെ പാപക്കറ മായാനുള്ള സമയമൊന്നും ആയിട്ടില്ല.
മറാത്തികളുടെ ഉന്നമനത്തിനായി എന്നവകാശപ്പെട്ടായിരുന്നു ബാൽ താക്കറെയുടെ നേതൃത്വത്തിൽ 19 ജൂൺ 1966 ന് ശിവസേന രൂപം കൊണ്ടത്. ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ബാൽതാക്കറെയുടെ പിതാവ് കേശവ്‌റാമാണ് ശിവസേന എന്ന പേരിട്ടത്. മഹാരാഷ്ട്ര മറാഠികളുടേതാണ് മുംബൈ കുടിയേറ്റക്കാരുടേതല്ല എന്നതായിരുന്നു അന്നവരുടെ പ്രധാന മുദ്രാവാക്യം. ഇന്ത്യയിൽ അതിവേഗം വളർന്നിരുന്ന നഗരം അന്ന് മുംബൈയായിരുന്നു. അതിനാൽ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും തൊഴിലന്വേഷകരുടെ പ്രവാഹമായിരുന്നു മുംബൈക്ക്. ഏറ്റവും നല്ല ഉദാഹരണം മലയാളികൾ തന്നെ. കേരളമടക്കം തെക്കെ ഇന്ത്യയിൽ നിന്നു കൂടുതൽ വിദ്യാഭ്യാസമുള്ളവരായിരുന്നു മുംബൈയിലേക്ക് എത്തിയിരുന്നത്. അതിനാൽ അവർക്ക് പെട്ടെന്ന് തൊഴിലും ലഭിച്ചിരുന്നു. മറാഠികൾ പലപ്പോഴും തൊഴിൽ വിപണിയിൽ പിറകിലായി. സ്വാഭാവികമായും ശിവസേനയുടെ പ്രധാന ശത്രുക്കളായി തെക്കെ ഇന്ത്യക്കാരായി. അങ്ങനെയാണ് സാലാ മദ്രാസി എന്ന വിളിയൊക്കെ വ്യാപകമായത്. മറാഠാവാദം ഉയർത്തിപ്പിടിച്ചായിരുന്നു ശിവസേനയുടെ വളർച്ച. എഴുപതുകളിലും എൺപതുകളിലുമൊക്കെ അതിന്റെ തിക്താനുഭവങ്ങൾ നേരിടാത്ത ഇതര സംസ്ഥാനക്കാർ, പ്രത്യകിച്ച് മദ്രാസികൾ മുംബൈയിൽ കുറവായിരിക്കും.
പിന്നീട് രാജ്യമെങ്ങും ഹിന്ദുത്വം ശക്തിയാർജിച്ചപ്പോഴാണ് ശിവസേനക്ക്, മറാത്താ വാദത്തേക്കാൾ പ്രാധാന്യം ഹിന്ദുത്വത്തിനും മദ്രാസി വിരുദ്ധതയേക്കാൾ പ്രാധാന്യം മുസ്‌ലിം വിരുദ്ധതക്കും നൽകാനായത്. അതുവഴി പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗുണഫലം ഏറ്റെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. അക്രമോത്സുക വർഗീയതയിൽ ബിജെപിയെ മറികടക്കുകയായിരുന്നു ശിവസേന. അതിനാൽ തന്നെ സ്വാഭാവികമായും ബി.ജെ.പിയേക്കാൾ ശക്തി ശിവസേനക്കായി. ഇരുകൂട്ടരും പിന്നീട് സഖ്യശക്തികളായെങ്കിലും ആരാണ് കൂടുതൽ ഹിന്ദുത്വവാദികൾ എന്ന മത്സരമുണ്ടായിരുന്നു. ശിവസേന തന്നെയായിരുന്നു അക്കാര്യത്തിൽ മുന്നിൽ. അതിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു ബാബ്‌രി മസ്ജിദ് തകർത്ത ശേഷം 1992 അവസാനവും 1993 ആരംഭത്തിലും നടന്ന മുംബൈയിലെ മുസ്‌ലിം കൂട്ടക്കൊല. ആയിരത്തിനടുത്ത് പേരെ കൊന്നൊടുക്കിയ ആ കൂട്ടക്കൊലയുടെ ആസൂത്രകർ ബാൽ താക്കറെയും ശിവസേനയുമായിരുന്നു. 1993 ജനുവരി 25 വരെ കലാപകാരികൾ മുംബൈയെ ചുടലക്കളമാക്കി. കൊള്ളയും കൊലയും ബലാൽസംഗവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ നിത്യസംഭവമായി. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ചു ശിവസേനക്കാർ വേട്ടയാടുമ്പോൾ പോലീസ് സംവിധാനം നോക്കുകുത്തിയായി. കലാപത്തെ കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷൻ കുറ്റവാളികളെ ചൂണ്ടിക്കാണിച്ചുവെങ്കിലും നടപടിയുമുണ്ടായില്ല. മരണം വരേയും ബാൽതാക്കറെയെ തൊടാൻ പോലും ഇന്ത്യൻ നീതി ന്യായ സംവിധാനം തയാറായില്ല. പിൽക്കാലത്ത് ഗുജറാത്തിലും യു.പിയിലെ മുസഫർ നഗറിലും ന്യൂനപക്ഷ വേട്ടയ്ക്ക് ഹിന്ദുത്വർക്കു പ്രചോദനമായത് മുബൈകലാപമായിരുന്നു. തീർച്ചയായും കൂട്ടക്കൊലക്ക് തിരിച്ചടിയുണ്ടായി. അതായിരുന്നു ലോകത്തെ തന്നെ ഞെട്ടിച്ച മുംബൈ സ്‌ഫോടന പരമ്പര. സ്റ്റോക് എക്‌സ്‌ചേഞ്ച് മുതൽ ബാൽതാക്കറെയുടെ വീടിനു മുൻവശം വരെ സ്‌ഫോടനമുണ്ടായി. മുന്നൂറോളം പേരാണ് ഒറ്റ ദിവസം നടന്ന പത്തിൽപരം സ്‌ഫോടനങ്ങളിൽ മരിച്ചത്. പിന്നീടും നിരവധി സ്‌ഫോടനങ്ങൾ മുംബൈയിൽ നടന്നു. അവസാനം ഛത്രപതി സ്റ്റേഷനിലും താജ് ഹോട്ടലിലുമടക്കം ഭീകരാക്രമണങ്ങളും.
തീർച്ചയായും കുറച്ചുകാലമായി മുംബൈ ശാന്തമാണ്. ബാൽതാക്കറെയുടെ മരണവും മഹാരാഷ്ട്രയിലും മുംബൈയിലുമൊക്കെ ഭരണത്തിലുള്ള പങ്കാളിത്തവുമൊക്കെ ശിവസേനയുടെ ശൗര്യത്തെ അൽപം കുറച്ചു എന്നതു ശരിയാണ്. മറുവശത്ത് ബി.ജെ.പി കൂടുതൽ അക്രമാസക്തവുമായി. ഇരുകൂട്ടരും സഖ്യശക്തികളുമായി. എന്നാൽ ആ സഖ്യമാണ് മുഖ്യമന്ത്രി പദത്തെ ചൊല്ലി തകർന്നതിനും പുതിയ സംഭവ വികാസങ്ങളിലെത്തിയതിനും കോൺഗ്രസിനും എൻസിപിക്കും ശിവസേനയുമായി സഖ്യമല്ലാതെ മറ്റു മാർഗമില്ലാത്ത അവസ്ഥയിലെത്തിയതിനും കാരണമായത്. അതേസമയം തങ്ങളുടെ പല്ലുകൊഴിഞ്ഞട്ടില്ലെന്നും ശിവസേന തെളിയിച്ചു. ശിവസേനയുടെ കരുത്താണ് മൂന്നു പാർട്ടികളിൽ നിന്നും എംഎൽഎമാരെ ചാക്കിടാനുള്ള ബിജെപി ശ്രമത്തെ തകർത്തതെന്നാണ് മുംബൈയിലെ സംസാരം.