തിരുവനന്തപുരം- ന്യൂനപക്ഷ പദവിയുള്ള സ്വകാര്യസ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബിഎസ്, ബി.ഡി.എസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ മതന്യൂനപക്ഷങ്ങളിലെ സംഘടനാ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിഷ്‌കർഷിക്കുന്ന ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.
സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകളുടെ പേരിൽ ഏർപ്പെടുത്തിയ സീറ്റുസംവരണമാണ് ഇപ്പോൾ റദ്ദ് ചെയ്യപ്പെടുന്നത്. മതമോ മതങ്ങളിലെ ഉപ വിഭാഗമോ തെളിയിക്കുന്നതിന് റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. മുസ്‌ലിം സമുദായത്തിന് മുസ്‌ലിം എന്ന ഒറ്റ വിഭാഗമേ ഉണ്ടാകുകയുള്ളു. 2017 ജൂലൈ 29 ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് പിൻവലിക്കുന്നത്. അപാകതകൾ ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കും.
ആരോഗ്യവകുപ്പിന്റെ ഉത്തരവ് മതസംഘടനകൾക്ക് സംവരണം ഒരുക്കി സ്വാശ്രയ മെഡിക്കൽ, ഡെന്റൽ മാനേജുമെന്റുകളുടെ സീറ്റ് കച്ചവടത്തിന് കാരണമാകുമെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ന്യൂനപക്ഷ സമുദായങ്ങൾക്ക് ലഭിക്കേണ്ടുന്ന സീറ്റ് സംവരണം സംഘടനകൾക്ക് പങ്കുവയ്ക്കുന്നത് തട്ടിപ്പ് നടത്താൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പിൻവലിക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടത്.
മുസ്‌ലിം വിദ്യാർത്ഥികൾക്ക് ഒന്നടങ്കം സംവരണം അനുവദിക്കുന്നതിന് പകരം സംഘടനാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തുന്നത് വിഭാഗീയതയ്ക്ക് കാരണമാകുമെന്ന് മുസ്‌ലിം നേതാക്കൾ ചൂണ്ടിക്കാട്ടി. കോഴിക്കോട് കെ.എം.സി.ടി, കൊല്ലം ട്രാവൻകൂർ അസീസിയ,കണ്ണൂർ മെഡിക്കൽ കോളേജുകൾക്കാണ് സംഘടനാടിസ്ഥാനത്തിൽ സർക്കാർ സീറ്റ് വിഭജിച്ചുനൽകിയത്. പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ സാമുദായിക സീറ്റിന്റെ വിഭജനം സംബന്ധിച്ച് പ്രത്യേകം ഉത്തരവിറക്കുമെന്നും ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
സമുദായ സീറ്റുകളിൽ മതസംഘടനകളിൽനിന്നുള്ള രേഖ സമർപ്പിക്കണമെന്ന ഉത്തരവിൽ തെറ്റില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി ഇടപെട്ടതോടെ നിലപാട് മാറ്റാൻ മന്ത്രി നിർബന്ധിതമാകുകയായിരുന്നു.
മെഡിക്കൽ പ്രവേശനം: സർക്കാർ ഉത്തരവ്
മാനേജ്‌മെന്റുകൾക്ക് കോഴ വാങ്ങാൻ -ലീഗ്
മലപ്പുറം-സ്വാശ്രയ മേഖലയിലെ മെഡിക്കൽ കോളേജ് പ്രവേശനം സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവ് ബാലിശവും മെഡിക്കൽ മാനേജ്‌മെന്റുകൾക്ക് കോഴവാങ്ങുന്നതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതുമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. നീറ്റിലെ മെറിറ്റ് സീറ്റിനെ മറികടക്കാൻ വേണ്ടിയുള്ള തന്ത്രമാണ് സർക്കാർ ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മജീദ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കോളേജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വിദ്യാർത്ഥികൾക്ക് സംഘടനാബന്ധമില്ലാതെ കിട്ടേണ്ട സീറ്റിനെ മറികടക്കാനുള്ള വിചിത്രമായ ഉത്തരവാണിത്. നീറ്റിലെ മാർക്കടിസ്ഥാനത്തിൽ വന്ന കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുത്ത് അവരുടെ അവസരങ്ങൾ നിഷേധിച്ച് ഭരണഘടനാ വിരുദ്ധമായ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മുസ്‌ലിംസമുദായത്തിലെ വത്യസ്ത സംഘടനകളെ പലജാതികളായി വ്യാഖ്യാനിച്ച് അവർക്ക് സീറ്റ് നൽകുന്നതിന് അവസരമൊരുക്കുകയാണ്. ഓരോ മെഡിക്കൽ കോളേജുകളിലെയും സീറ്റുകളിൽ കേരളാ നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം), കേരളാ ജമാഅത്തെ ഇസ്‌ലാമി, മഹല്ല് ജമാഅത്ത്, കേരള മുസ്‌ലിം ജമാഅത്ത്, കേരളാ ജമാഅത്ത് ഫെഡറേഷൻ കൊല്ലം, കേരളാ സുന്നീ ജമാഅത്ത് കൊല്ലം, കൊല്ലം മുസ്‌ലിം അസോസിയേഷൻ എന്നീ സംഘടനകൾക്ക് സീറ്റുകൾ വീതിച്ചുനൽകാനാണ് ഉത്തരവിൽ പറയുന്നത്. ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ കത്ത് ഹാജരാക്കി പ്രവേശനം കൊടുക്കാനാണ് ഉത്തരവിലുള്ളത്.
മുസ്‌ലിംസമുദായത്തിനകത്ത് ജാതികളോ ഉപജാതികളോ ഇല്ല. എന്നാൽ വ്യത്യസ്തമായ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവകളെയെല്ലാം ജാതി സംഘടനകളാക്കി മാറ്റാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. ഒരു സംഘടനകളിലും അംഗങ്ങളല്ലാത്ത മഹാഭൂരിപക്ഷം ആളുകൾ മുസ്‌ലിംങ്ങൾക്കിടയിലുണ്ട്. ഗവൺമെന്റ് നീറ്റ് ലിസ്റ്റിൽ പേരുള്ള ഇവർക്ക് എങ്ങിനെയാണ് അഡ്മിഷൻ ലഭിക്കുക. മതവിശ്വാസമില്ലാത്ത മുസ്‌ലിംനാമധാരികൾക്ക് അഡ്മിഷൻ നൽകുന്നതെങ്ങിനെയെന്നതും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.ഗവൺമെന്റ് ഉത്തരവിൽ പേരുകൾ വരാത്ത എത്രയോ സംഘടനകൾ കേരളത്തിൽ മുസ്‌ലിം സമുദായത്തിന് അകത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവർക്കും ഗവൺമെന്റ് ഉത്തരവ് പ്രകാരം സീറ്റുകൾ ലഭിക്കില്ല. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത വിഭജനമാണ് മുസ്‌ലിംസമുദായത്തിന്റെ കാര്യത്തിൽ സർക്കാർ ചെയ്തിട്ടുള്ളത്. ഇത്തരം ഒരു തീരുമാനം ഗവൺമെന്റിന്റെയും സ്വാശ്രയ മാനേജ്‌മെന്റിന്റെയും ഒത്തുകളിയുടെ ഭാഗമാണ്. ഒരു മതേതര സമൂഹത്തിൽ ഇങ്ങിനെ ഒരു ഉത്തരവ് എങ്ങിനെയാണ് ഇടതുപക്ഷത്തിന് ഇറക്കാൻ സാധിച്ചത് എന്നത് അത്ഭുതകരമാണ്. ഇത്തരം ഒരു ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല.ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഗവൺമെന്റ് തയ്യാറാകണം- മജീദ് ആവശ്യപ്പെട്ടു.
കെ.ടി ജലീൽ രാജിവെക്കണമെന്ന് പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്- മെഡിക്കൽ പ്രവേശനത്തിന് മതസംഘടനകളുടെ സാക്ഷ്യപത്രം നിർബന്ധമാക്കിയതു പോലുള്ള വിഡ്ഢിത്തം നിറഞ്ഞ ഉത്തരവ് പുറത്തിറക്കിയ സർക്കാറിൽനിന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഇറങ്ങിപ്പോരണമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരവും ജനറൽ സെക്രട്ടറി സി.പി മുഹമ്മദ് ബഷീറും കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയും വിവരമില്ലാത്ത ഒരു സർക്കുലർ ഇറക്കിയ സർക്കാറിൽ ജലീലിനെപ്പോലുള്ള മന്ത്രി തുടരുന്നതിൽ അർത്ഥമില്ലെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാഹചര്യത്തിൽ അപകടകരമായ സ്ഥിതി വിശേഷത്തിന് ഇടയാക്കുന്നതാണ് പ്രവേശനപരീക്ഷാ കമ്മീഷണർ പുറപ്പെടുവിച്ച ഈ വിജ്ഞാപനം. ജാതി വ്യവസ്ഥക്കെതിരേ ശക്തമായ നിലപാടുള്ള ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരം ഒരു വിജ്ഞാപനം പുറത്തിറങ്ങിയതിൽ ദുരൂഹതയുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകൾ തങ്ങളുടെ കച്ചവട സൗകര്യത്തിനനുസരിച്ച് തയാറാക്കിയ മാനദണ്ഡങ്ങൾ യാതൊരു പരിശോധനയുമില്ലാതെ അതേപടി അംഗീകരിച്ച സർക്കാർ നടപടി ദുരൂഹമാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
ഉത്തരവ് ബാലിശം- വിസ്ഡം ഇസ്‌ലാമിക് മിഷൻ
കോഴിക്കോട്- സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് മതസംഘടനകളുടെ ശുപാർശ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ബാലിശമായിരുന്നെന്ന് വിസ്ഡം ഗ്ലോബൽ ഇസ്‌ലാമിക് മിഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽസെക്രട്ടറി ടി.കെ അശ്‌റഫ്, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. സി.എം സാബിർ നവാസ്, ജനറൽ സെക്രട്ടറി കെ. സജ്ജാദ്, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് മുനവ്വിർ സ്വലാഹി, ജനറൽ സെക്രട്ടറി ലുബൈബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായത്തിനകത്ത് ജാതികളോ ഉപജാതികളോ ഇല്ലായെന്നിരിക്കെ സാമുദായിക ക്വാട്ടയുടെ പേരിൽ മുസ്‌ലിം സമുദായത്തെ ഭിന്നിപ്പിക്കാനുതകുന്നതാണ് പ്രസ്തുത ഉത്തരവെന്നും ഭാരവാഹികൾ പറഞ്ഞു.