Sorry, you need to enable JavaScript to visit this website.

ഡെന്റൽ മെഡിസിൻ സൗദിവൽക്കരണം കമ്പനികൾക്കും ബാധകം; ലക്ഷ്യം 55 ശതമാനം

റിയാദ് - ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം മരുന്നു കമ്പനികൾക്കും ബാധകമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ വ്യക്തമാക്കി.

മരുന്നു കമ്പനികൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിക്കാർ, വിതരണക്കാർ, പോളിക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ, ആശുപത്രികൾ എന്നീ സ്ഥാപനങ്ങളിലെല്ലാം ഡെന്റൽ ഡോക്ടർ തസ്തികകളിൽ നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്. ഡെന്റൽ മെഡിസിൻ മേഖലയെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് സൗദിവൽക്കരണ തീരുമാനം കൈക്കൊണ്ടത്. 


ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഓട്ടോമാറ്റിക് രീതിയിലാണ് മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പു വരുത്തുക. ഇതിന് സ്ഥാപനങ്ങളിൽ നേരിട്ട് സന്ദർശനം നടത്തേണ്ട ആവശ്യമില്ല. ഓരോ സ്ഥാപനങ്ങളിലും സൗദിവൽക്കരണത്തിലുണ്ടാകുന്ന ഏതു ചലനങ്ങളും ഏറ്റക്കുറച്ചിലുകളും സൗദിവൽക്കരണ തീരുമാനം എത്രമാത്രം പാലിക്കുന്നുണ്ടെന്നും സസൂക്ഷ്മം മനസ്സിലാക്കുന്നതിന് കംപ്യൂട്ടർ സംവിധാനം മന്ത്രാലയത്തെ സഹായിക്കും. സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കൽ, തൊഴിൽ വിസകൾ നിർത്തിവെക്കൽ, സ്‌പോൺസർഷിപ്പ്, പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെക്കൽ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. 


ഡെന്റൽ മെഡിസിൻ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതു മൂലമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വദേശി ദന്ത ഡോക്ടർമാർക്ക് സാഹചര്യമൊരുക്കുന്നതിന് മാനവ ശേഷി വികസന നിധി പ്രത്യേക പോർട്ടൽ ലഭ്യമാക്കും. വരും വർഷങ്ങളിൽ ഡെന്റൽ മെഡിസിൻ കോഴ്‌സുകൾ പൂർത്തിയാക്കി പുറത്തിറങ്ങുന്ന മുഴുവൻ ബിരുദധാരികൾക്കും ഉദ്യോഗാർഥികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 


ഡെന്റൽ മെഡിസിൻ മേഖലയിൽ രണ്ടു ഘട്ടങ്ങളിലായി ആകെ 55 ശതമാനം സൗദിവൽക്കരണം നടപ്പാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 2020 മാർച്ച് 25 മുതൽ 25 ശതമാനവും രണ്ടാം ഘട്ടത്തിൽ 2021 മാർച്ച് 14 മുതൽ 30 ശതമാനവും സൗദിവൽക്കരണം നിർബന്ധമാക്കാനാണ് തീരുമാനം. 


മൂന്നും അതിൽ കൂടുതലും വിദേശ ദന്ത ഡോക്ടർമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് പുതിയ തീരുമാനം ബാധകം. ഇത് സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും മറ്റു സ്ഥാപനങ്ങളും പാലിക്കുന്നത് ഉറപ്പു വരുത്തുന്നതിന് എല്ലാ നടപടികളും മന്ത്രാലയം സ്വീകരിക്കും. സൗദി ദന്ത ഡോക്ടർമാർക്ക് പരിശീലനവും തൊഴിൽ നിയമനവും നൽകുന്നതിന് മാനവ ശേഷി വികസന നിധി വഴി സാമ്പത്തിക സഹായവും ലഭ്യമാക്കും. ആരോഗ്യ മന്ത്രാലയം, കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാൽറ്റീസ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി എന്നിവയുമായുള്ള പങ്കാളിത്തത്തോടെയാണ് ദന്ത ഡോക്ടർ തൊഴിൽ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുകയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 

Latest News