Sorry, you need to enable JavaScript to visit this website.

സൗദിയ വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം

സൗദിയയുടെ അറാർ-റിയാദ് സർവീസിനിടെ വിമാനത്തിനകത്ത് പിറന്ന നവജാത ശിശുവുമായി വിമാന ജീവനക്കാരും പ്രസവമെടുത്ത ഡോ. ഇൻജി ബദവിയും ആഹ്ലാദം പങ്കുവെക്കുന്നു. 

റിയാദ് - സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) വിമാനത്തിൽ സൗദി യുവതിക്ക് സുഖപ്രസവം. യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന സൗദി ഗൈനക്കോളജിസ്റ്റ് ഡോ. അൻജി ബദവി യുവതിക്ക് പ്രസവ ശുശ്രൂഷകൾ നൽകി. അറാറിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. ഇക്കാര്യം ഉടൻ തന്നെ വിമാന ജീവനക്കാരെ അറിയിച്ചു. യാത്രക്കാരുടെ കൂട്ടത്തിൽ ഡോക്ടർമാർ ആരെങ്കിലുമുണ്ടോയെന്ന് അറിയുന്നതിന് നടത്തിയ അന്വേഷണത്തിലാണ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. അൻജി ബദവി വിമാനത്തിലുള്ളതായി അറിഞ്ഞത്. 


ഉടൻ തന്നെ പ്രസവത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. യാത്രക്കാരെ മാറ്റി വിമാനത്തിനകത്ത് സജ്ജീകരിച്ച പ്രത്യേക സ്ഥലത്തു ഡോ. അൻജി ബദവി ഗർഭിണിക്ക് പ്രസവ ശുശ്രൂഷകൾ നൽകുകയും വിമാനത്തിനകത്തുണ്ടായിരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പ്രസവമെടുക്കുകയും ചെയ്തു. നവജാത ശിശുവിന്റെ കരച്ചിൽ വിമാനത്തിനകത്ത് ഉയർന്നത് യാത്രക്കാരെയും വിമാന ജീവനക്കാരെയും ആഹ്ലാദ ഭരിതരാക്കി. 


ജീവിതത്തിൽ ആദ്യമായാണ് വിമാനത്തിനകത്തു വെച്ച് താൻ പ്രസവമെടുക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. ധൈര്യസമേതമാണ് തന്റെ കർത്തവ്യം താൻ നിറവേറ്റിയത്. ദൗത്യം ഭംഗിയായി പൂർത്തിയായതിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടെന്നും ഡോക്ടർ പറഞ്ഞു.


ഗർഭിണിയെ വിമാനത്തിന്റെ പിൻവശത്തെ സീറ്റുകളിലേക്ക് നീക്കിയാണ് പ്രസവത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഗർഭധാരണത്തിന്റെ 37 ാമത്തെ ആഴ്ചയിലായിരുന്നു യുവതി. യാത്രക്കാരുടെ കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന ഫാമിലി മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ആയ സൗദി ഡോ. ഈമാൻ മതറും സൗദി നഴ്‌സ് അബീർ അൽഅനസിയും പ്രസവമെടുക്കുന്നതിന് സഹായിച്ചു. 


ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്ത ശേഷം കുഞ്ഞിനെയും മാതാവിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യനില ഭദ്രമാണെന്നും ഡോ. അൻജി ബദവി പറഞ്ഞു. 

Latest News