റിയാദ് - പതിനാലു തന്ത്രപ്രധാന മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. 'തൗതീൻ' എന്ന് പേരിട്ട ഏറ്റവും വലിയ സൗദിവൽക്കരണ പദ്ധതി ആരംഭിക്കാനാണ് നീക്കം. ഇതിനായി കൺസൾട്ടൻസികളുടെയും സ്‌പെഷ്യലിസ്റ്റ് കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും.
പതിനാലു സുപ്രധാന മേഖലകളിൽ സ്വദേശികൾക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ടൂറിസ്റ്റ് അക്കമ്മഡേഷൻ, ടെലികോം, ഗതാഗതം, ലോജിസ്റ്റിക് സർവീസസ്, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, റിയൽ എസ്റ്റേറ്റ്, ലീഗൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, അക്കൗണ്ടിംഗ് അടക്കമുള്ള മേഖലകളാണ് ലക്ഷ്യമിടുന്നത്. സൗദിവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തയാറാക്കുന്നതിന് സഹായം തേടുന്ന കൺസൾട്ടൻസികളിൽ നിന്നും സ്‌പെഷ്യലിസ്റ്റ് കമ്പനികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ച് അന്തിമ കരാർ നൽകും.
എല്ലാ സാധ്യതകളും ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിനും സൗദിവൽക്കരണ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിനും പതിനാലു മേഖലകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക.
ഗ്രൂപ്പ് ഒന്ന്
ടൂറിസ്റ്റ് അക്കമ്മഡേഷൻ, എന്റർടൈൻമെന്റ്, ടെലികോം, ഐ.ടി, ഗതാഗതം, ലോജിസ്റ്റിക് സർവീസസ് എന്നിവയാണ് ആദ്യത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രൂപ്പ് രണ്ട്
ആരോഗ്യ മേഖല
ഗ്രൂപ്പ് മൂന്ന്: റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ
ഗ്രൂപ്പ് നാല്:
കോൺട്രാക്ടിംഗ്, റിയൽ എസ്റ്റേറ്റ്
ഗ്രൂപ്പ് അഞ്ച്:
ലീഗൽ കൺസൾട്ടൻസി, എൻജിനീയറിംഗ്, അക്കൗണ്ടിംഗ്.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഊർജിതമായ ശ്രമങ്ങളാണ് നടത്തുന്നത്. രണ്ടര വർഷത്തിനിടെ സൗദിയിൽ 19 ലക്ഷത്തോളം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകാൻ ലക്ഷ്യമിട്ടുള്ള തൊഴിൽ വിപണിയിലെ പരിഷ്‌കാരങ്ങളാണ് വൻതോതിൽ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയത്. സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായി കുറഞ്ഞു.
സമീപ കാലത്ത് മൂന്നു ഘട്ടങ്ങളായി പന്ത്രണ്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കി. 2018 സെപ്റ്റംബർ 11 ന് നിലവിൽവന്ന ആദ്യ ഘട്ടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളും നവംബർ ഒമ്പതിനു നിലവിൽവന്ന രണ്ടാം ഘട്ടത്തിൽ വാച്ച് കടകളും കണ്ണട കടകളും ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും 2019 ജനുവരി ഏഴു മുതൽ പ്രാബല്യത്തിൽവന്ന മൂന്നാം ഘട്ടത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും സ്‌പെയർ പാർട്‌സ് കടകളും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളും കാർപെറ്റ് കടകളും ചോക്കലേറ്റ്-പലഹാര കടകളും സൗദിവൽക്കരണത്തിന്റെ പരിധിയിൽവന്നു.
ടെലികോം, ഐ.ടി മേഖലയിൽ പതിനാലായിരം തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനുള്ള സംയുക്ത പദ്ധതിക്ക് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയും തുടക്കം കുറിച്ചിട്ടുണ്ട്. നാലു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ ടെക്‌നിക്കൽ സപ്പോർട്ട് തൊഴിലുകളും രണ്ടാം ഘട്ടത്തിൽ ഡാറ്റ അനലിസിസ് തൊഴിലുകളും സൗദിവൽക്കരിക്കുന്നതിന് ഊന്നൽ നൽകും. പ്രൊജക്ട് മാനേജർ, കോൾ സെന്റർ ജീവനക്കാർ എന്നീ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിനാണ് മൂന്നും നാലും ഘട്ടങ്ങളിൽ ശ്രമിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലുകളും റിസോർട്ടുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടക്കമുള്ള ആതിഥേയ മേഖലയിൽ മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നടപ്പാക്കുന്നതിനും തീരുമാനമായി. ത്രീ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ-സ്റ്റാറും അതിനു മുകളിലും നിലവാരമുള്ള ഫർണിഷ്ഡ് അപാർട്ട്‌മെന്റുകൾ, ഹോട്ടൽ വില്ലകൾ എന്നീ വിഭാഗം സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം ബാധകമാണ്.