Sorry, you need to enable JavaScript to visit this website.

വീടിന് അടച്ചുറപ്പില്ല; ബസില്‍ കൊണ്ടുപോയ 20 പവന്‍ കള്ളന്‍ കവര്‍ന്നു

 തൊടുപുഴ- സ്വകാര്യബസില്‍ യാത്ര ചെയ്തിരുന്ന യുവതിയുടെ ബാഗില്‍നിന്ന് 20 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. ബസിലെ മുഴുവന്‍ യാത്രക്കാരെയും തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇളംദേശം മലയപറമ്പില്‍ അനീസ (28) യുടെ ബേഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ തൊടുപുഴ-ഇളംദേശം റൂട്ടില്‍ സര്‍വീസ് നടത്തുന്ന അര്‍ച്ചന ബസിലാണ് സംഭവം. വീട് അടച്ചുറപ്പില്ലാത്തതിനാലാണ് യാത്രയ്ക്കിടയില്‍ ഇവ ബാഗില്‍ സൂക്ഷിച്ചിരുന്നത്.


ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ ഇരിക്കാന്‍ സീറ്റു കിട്ടിയിരുന്നില്ല. മുന്‍വശത്തെ ഡോറിന് സമീപത്താണ് ഇവര്‍ നിന്നിരുന്നത്. യാത്രക്കിടയില്‍ കുട്ടിയെ സമീപത്തെ സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയുടെ പക്കലേല്‍പിച്ചിരുന്നു. പിന്നീട് മീന്‍മുട്ടി എത്തിയപ്പോഴാണ് ബാഗ് തുറന്നു കിടക്കുന്നതായി കണ്ടതും പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനസ്സിലായതും.
തൊടുപുഴ സി.ഐ സജി ചെറിയാന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ബസിന്റെ ഷട്ടറുകള്‍ താഴ്ത്തി മുഴുവന്‍ യാത്രക്കാരേയും തൊടുപുഴ സ്റ്റേഷനില്‍ എത്തിച്ചു. സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം 80 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. വനിതാ പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ മൂന്നു പേരെ വീതവും മറ്റുള്ളവരെ എസ്.ഐയുടെ ഓഫീസിലെത്തിച്ച് സി.ഐയുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മാലയും വളയും മോതിരവും കുട്ടികളുടെ പാദസരവും അടക്കം 20 ഓളം പവന്റെ ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. കുമ്മംകല്ലില്‍നിന്നും അനീസ കയറിയ ശേഷം മീന്‍മുട്ടി എത്തുന്നതിനിടയില്‍ ഒന്‍പത് ഇടങ്ങളില്‍ ബസ് നിര്‍ത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി 14 യാത്രക്കാര്‍ ഇറങ്ങിയിരുന്നു. അതില്‍ ജാരത്ത് നാലു പേര്‍ ഇറങ്ങിയതില്‍ ഒരു സ്ത്രീ ഒഴിച്ച് എല്ലാവരും പതിവായി ബസില്‍ വരുന്നവരാണെന്ന് ബസുടമ ജോസ് പറഞ്ഞു.

 

Latest News