കാഞ്ഞങ്ങാട് - സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ മേലാങ്കോട്ടെ കുട്ടികളുടെ കൊട്ടിപ്പാട്ടിന് താളം പിടിച്ച് മന്ത്രിമാരും എം.പിയും. കലാ മാമാങ്കത്തിൽ താളപ്പെരുക്കം തീർക്കാനുള്ള അവസരം ലഭിച്ച സംസ്ഥാനത്തെ ഏക യു.പി വിദ്യാലയമായ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി.സ്‌കൂളിലെ 60 അംഗ വാദ്യസംഘത്തിന്റെ പ്രകടനം കണ്ട ആവേശത്തിലാണ് പൂരമേളത്തിന്റെ നാട്ടിൽ നിന്നെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും തുറമുഖ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും. കടന്നപ്പള്ളിയും ഉണ്ണിത്താനും കുട്ടികളുടെ ചെണ്ടയിൽ താളമിടുകയും ചെയ്തപ്പോൾ കലോത്സവ പന്തലിലെ ആയിരങ്ങളും അറിയാതെ താളം പിടിച്ചു. പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറു കേന്ദ്രങ്ങളിൽ കുട്ടിക്കൂട്ടം കൊട്ടിപ്പാടിയത് ആസ്വാദകരെ ഹരം പിടിപ്പിച്ചതറിഞ്ഞ നഗരസഭാ ചെയർമാൻ വി.വി.രമേശൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് കുരുന്നുകൾക്ക് ഐങ്ങോത്തെ മുഖ്യവേദിയിൽ പഞ്ചാരിമേളം അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. മടിക്കൈ ഉണ്ണികൃഷ്ണ മാരാരുടെ നേതൃത്വത്തിൽ ഒരു മാസത്തെ പരിശീലനം കൊണ്ടാണ് നാലാം തരം തൊട്ട് ഏഴാം തരം വരെ ക്ലാസിൽ പഠിക്കുന്ന 50 ആൺകുട്ടികളും പത്ത് പെൺകുട്ടികളുമടങ്ങുന്ന സംഘം താളവട്ടങ്ങളിൽ വെടിക്കെട്ടുതിർക്കാൻ കഴിവ് നേടിയത്. പഠന സമയം നഷ്ടപ്പെടുത്താതെ ദിവസവും രാവിലെ 7.30 തൊട്ട് 9 മണി വരെയാണ് പരിശീലനം നടത്തിയതെന്ന് പ്രധാനാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ പറഞ്ഞു.