കോട്ടയം - കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ. ജോസഫ് സമർപ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റിൽ പകുതിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസി (എം) നെ കുതന്ത്രങ്ങളിലൂടെ കേരളാ കോൺഗ്രസ് (ജെ) ആക്കി ഹൈജാക്ക് ചെയ്യാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള അതിഹീനമായ നീക്കമാണ് ജോസഫ് നടത്തുന്നത്.
തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളിൽ സംസ്ഥാന റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് സമർപ്പിച്ച 450 പേരുടെ ലിസ്റ്റിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പി.ജെ ജോസഫ് തന്റെ പാർശ്വവർത്തികളെ കുത്തിനിറച്ചിരിക്കുകയാണ്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പലരും പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണ്. പി.സി തോമസും പി.ജെ ജോസഫും വേർപിരിഞ്ഞപ്പോൾ പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ലിസ്റ്റും രേഖകളും വ്യാജമാണെന്ന് കമ്മീഷൻ തന്നെ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പി.സി തോമസ് വിഭാഗത്തിന് കേരളാ കോൺഗ്രസ് എന്ന അംഗീകാരം ലഭിച്ചത്. വ്യാജരേഖ ചമച്ചവരും അതിന് കൂട്ട് നിന്നവരും അതിൽ ഉൾപ്പെട്ടിട്ടുള്ളവരും ഭരണഘടനാ സ്ഥാപനമായ തെരെഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ നീക്കത്തിന് മറുപടി പറയേണ്ടിവരും.
തിരുവനന്തപുരം ജില്ലയിൽ സംഘടനാ തെരെഞ്ഞെടുപ്പ് നടക്കാതിരുന്നത് മൂലം മുൻ ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, നിലവിലെ ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ എന്നീ രണ്ട് പേരെ മാത്രമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവർ സമർപ്പിച്ച ലിസ്റ്റിൽ ഇവരെ കൂടാതെ 14 പേരെ കൂടി കൃത്രിമമായി ഉൾപ്പെടുത്തിയിരിക്കുകയാണ്. എല്ലാ ജില്ലകളിൽ നിന്നും ഇതേപോലെയുള്ള വ്യാജ ലിസ്റ്റാണ് നൽകിയിട്ടുള്ളത്. പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന എല്ലാ രേഖകളുടേയും പകർപ്പ് തനിക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിരുന്നതാണ്. വ്യാജന്മാർ ആരൊക്കെയെന്ന് മനസ്സിലാക്കാതിരിക്കാനാണ് കമ്മീഷൻ നിർദേശിച്ച സമയപരിധി തീരുന്നതിന്റെ അവസാന നിമിഷം തനിക്ക് രേഖകളുടെ പകർപ്പ് നൽകിയത്. ഈ രേഖകൾ വിശദമായി പഠിച്ചതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ.മാണി പറഞ്ഞു. 600 പേജുള്ള കത്ത് കൊടുത്തു എന്ന് മേനി നടിക്കുന്ന പി.ജെ ജോസഫ് 14 പേജുള്ള കത്തും അനുബന്ധ രേഖകളായി സമർപ്പിച്ചത് കോടതികളിൽ ഉള്ള കേസുകളുടെ പകർപ്പുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഞങ്ങൾ സമർപ്പിച്ച രേഖകളിൽ 28 പേജുള്ള വിശദീകരണവും സംസ്ഥാന റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ച 450 പേരുടെ ലിസ്റ്റും അതിൽ ഉൾപ്പെട്ട 319 പേരുടെ വ്യക്തിഗത സത്യവാങ്ങ്മൂലവും ഉൾപ്പെടെ 800 ഓളം പേജുകളുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.