പാലക്കാട്-അട്ടപ്പാടിയില്‍ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂര്‍ കൗണ്‍സിലറുമായ പി.എം. ബഷീര്‍, കരാറുകാരന്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
അട്ടപ്പാടി ഭൂതുവഴിയൂരില്‍ ഭവന നിര്‍മ്മാണത്തിന്റെ മറവില്‍ ആദിവാസികളുടെ പണം തട്ടിയതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ചാണ് നിലമ്പൂരില്‍ നിന്ന് സിപിഐ നേതാവിനെയും കരാറുകാരനെയും അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. എഴ് പേരില്‍നിന്ന് സംഘം പണംതട്ടിയെന്നാണ് ആരോപണം.
ഭൂതുവഴിയൂരിലെ കലാമണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ ജൂലൈ 31ന് തന്നെ കേസെടുത്തിരുന്നുവെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച തുക ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞു പണം പിന്‍വലിക്കാനുള്ള ഫോറത്തില്‍ ഒപ്പ് വാങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറയുന്നു.