Sorry, you need to enable JavaScript to visit this website.

മദ്യം തകര്‍ത്ത കുടുംബത്തിന്റെ ഓര്‍മയില്‍ സൗദി പ്രവാസി; വൈറലായി കുറിപ്പ്

ദ്യം സൃഷ്ടിക്കുന്ന കൊടും നരകത്തെ കുറിച്ച് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രവാസി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ആറന്മുള സ്വദേശിയും ജിദ്ദയില്‍ എന്‍ജനിയറുമായ അജിത് നീര്‍വിളാകനാണ് ശ്രദ്ധേയമായ കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വായിക്കാം

മദ്യം എന്ന കൊടും നരകം
------------------
നാലോ അഞ്ചോ വയസ്സില്‍, എന്റെ ബുദ്ധി ചെറുനാളമായി തെളിയാന്‍ തുടങ്ങിയ കാലത്ത് തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധവും എനിക്ക് കൂട്ടിനുണ്ടായിരുന്നു. എന്റെ ബാല്യ കൗമാര യൗവ്വന കാലത്തെ എല്ലാ കുസൃതികളെയും, കൂടിച്ചേരലുകളെയും തല്ലിക്കെടുത്തിയ, കുടുംബത്തിന്റെ മുഴുവന്‍ സന്തോഷങ്ങളേയും അടുക്കളയുടെ നാലു ചുവരുകളില്‍ ഗദ്ഗദങ്ങളായി തളച്ചിട്ട നീണ്ട രണ്ട് പതിറ്റാണ്ടുകള്‍.

ചെറിയ തെറ്റുകള്‍ക്ക് പോലും (ചിലപ്പോള്‍ ഒന്നുമില്ലായ്മക്ക് പോലും) അതിഭീകരമായ മര്‍ദ്ദനമുറകള്‍ നേരിടേണ്ടി വന്ന ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ കറുത്ത ഏടുകളായി മരണം വരെയും കുറിക്കപ്പെടും.

മദ്യം എന്ന പിശാചിന്റെ പരിധിയെ പറ്റി ചോദിച്ചാല്‍ അതിന് ഒരു പരിധിയുമില്ല എന്ന് അനുഭവസ്ഥര്‍ക്ക് മാത്രമേ പറയാന്‍ കഴിയു. പരിഹാസശരങ്ങള്‍ മുറിപ്പെടുത്തുന്ന മനസ്സുമായി ബാല്യകൗമാരത്തില്‍ തല താഴ്ത്തി നടന്ന ഗതികേടിനെയാണോ പിന്നീട് സ്‌പോണ്ടിലോസിസ് ആയി നേരിടേണ്ടി വന്നത് എന്ന് പോലും എനിക്ക് തോന്നാറുണ്ട്.

മദ്യം എന്ന ഒറ്റയാള്‍ ഭ്രാന്തിന് മുന്നില്‍ അടിയറവ് വയ്‌ക്കേണ്ടി വന്നത് കുടുംബത്തിന്റെ അഭിമാനം മാത്രമല്ല, സമ്പത്ത്, സംസ്‌കാരം, ബന്ധുക്കള്‍, സൗഹൃദങ്ങള്‍, സാമൂഹിക പരിസരങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്തവ. അപ്പോഴും മദ്യം അവിടെ ഉന്മാദ നൃത്തമാടി, പച്ചയായി പറഞ്ഞാല്‍ അറുമ്മാദിച്ചു. താന്‍ ചെയ്യുന്ന കൊടും ക്രൂരതകളെ ഓര്‍ത്ത് ഒരിക്കലും പശ്ചാത്തപിക്കാത്ത മദ്യം കൊണ്ട് പക്ഷേ എനിക്ക് ജീവിതത്തെ നേരെ നടത്താന്‍ കഴിഞ്ഞു എന്നതാണ് അതിന്റെ മറുവശം.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഏറ്റവും തീരാവേദനകള്‍ സമ്മാനിച്ച് കുടുംബത്തിന്റെ അടിവേരിളക്കി മദ്യം അതിന്റെ ഉന്മാദ നൃത്തമാടിയ ഘട്ടത്തില്‍ ഒരിക്കല്‍ പതിവ് ക്ഷേത്ര ദര്‍ശനത്തിന് പോയ ഞാന്‍, കണ്ണുകളില്‍ രക്തം നിറച്ച്, തിരുമുമ്പില്‍ സ്രാഷ്ടാംഗം പ്രണമിച്ച് ഒരു പ്രതിജ്ഞയെടുത്തു. ജീവിതത്തില്‍ ഏത് കഠിന സാഹചര്യത്തിലും മദ്യപിക്കില്ല എന്ന്. ആ പ്രതിജ്ഞ എനിക്ക് നേടിത്തന്നത് രണ്ട് ഗുണങ്ങളാണ്. ഒന്ന് ഏത് കഠിന ഘട്ടത്തേയും വര്‍ദ്ധിച്ച ആര്‍ജ്ജവത്തോടെ നേരിടാനുള്ള ആത്മവിശ്വാസം, രണ്ട് മദ്യം എന്ന മഹാവിപത്തിനെ അകറ്റി നിര്‍ത്താനുള്ള ചങ്കുറപ്പ്.

പ്രൊഫഷണല്‍ കോളേജ് കാലഘട്ടങ്ങളില്‍ റാഗിംഗിന്റെ കഠിനതകളില്‍ എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ബലമായിട്ടു പോലും മദ്യപിപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പുകളായിരുന്നു. അത്ര തീവ്രമായ സാഹചര്യങ്ങളില്‍ പോലും ഒരു തുള്ളി മദ്യം പോലും എന്റെ ശരീരത്തില്‍ കടത്തില്ല എന്ന എന്റെ പ്രതിജ്ഞയില്‍ ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞു എന്നത് ഇന്നും എനിക്ക് സ്വയാര്‍ജ്ജവം നല്‍കുന്ന വിഷയം തന്നെയാണ്.

മദ്യത്തിന്റെ എല്ലാം മറന്നുള്ള ഉന്മാദ നൃത്തം ആ കാലഘട്ടങ്ങളില്‍ അപമാനിതനായി തല കുനിച്ച് നടക്കേണ്ട അവസ്ഥ ഉണ്ടാക്കിയപ്പോള്‍ മറ്റൊരു വശത്ത് ആ തീവ്രത അനുഭവിച്ച് ഉരുകിയ മനസ്സ് പതിയെ പതിയെ ഏത് ഘട്ടങ്ങളേയും അനുഭവിക്കാന്‍ പാകപ്പെടുത്തപ്പെട്ടു എന്നതാണ് ശരി. ഇന്ന് ഏത് വിവാദങ്ങളേയും, വിക്രിയകളേയും, വികടതകളേയും, വാക്പയറ്റുകളേയും അതിന്റെ ഗുണങ്ങളും ന്യൂനതകളും മനസ്സിലാക്കി, ഏത് സാഹചര്യത്തിലും തളരില്ല എന്ന് ഉറച്ച നിലപാടിലെത്താന്‍ എന്നെ സഹായിച്ചത് ഇരുപത്തി രണ്ട് വര്‍ഷത്തോളം ഞാനും എന്റെ കുടുംബവും അനുഭവിച്ച മദ്യപിശാചിന്റെ നരകയാതനകള്‍ ആയിരുന്നു എന്നാേര്‍ക്കുമ്പോള്‍ നന്ദി പറയാതെ വയ്യ.

ഊഹാപോഹങ്ങളുടെ ബലമില്ലാത്ത അടിത്തറയില്‍ നിന്ന് എന്നെക്കുറിച്ച് കഥകള്‍ മെനയുന്നവരുടെയും, അത് ഉളുപ്പില്ലാതെ പ്രചരിപ്പിക്കുന്നവരുടെയും, അതില്‍ മറുപക്ഷത്ത് നില്‍ക്കുന്ന് സ്വയം സന്തോഷിക്കുന്നവരുടെയും, ഉള്ളില്‍ സന്തോഷം നിറച്ച് കൂടെ നിന്ന് നാടക കണ്ണീര്‍ വാര്‍ക്കുന്നവരുടെയു, വീഴ്ചയില്‍ ആഹ്ലാദിക്കുന്നവരുടെയും, കൂടെ നടന്നിട്ട് നിഷ്‌കരുണം പെരുവഴിയില്‍ ഉപേക്ഷിച്ച് പോകുന്നവടെയും, മുന്നിലൂടെ ഇന്ന്, എന്റെ ശരികളില്‍ ഉറച്ച് നിന്ന്, തുറന്ന മനസ്സോടെ, തല ഉയര്‍ത്തി നടക്കാന്‍ എന്നെ സഹായിച്ചത് ആ പഴയ നരക കാലഘട്ടമാണന്ന് ഉറപ്പിച്ച് പറയാം.

ഇന്നും മദ്യം എന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉപയോഗിക്കുന്ന വ്യക്തികള്‍ മാറുന്നു എന്നു മാത്രം. ഇന്നും എനിക്ക് വ്യവസ്ഥപ്പെടാന്‍ കഴിയാത്ത ഒരേയൊരു കൂട്ടര്‍ മദ്യപാനികള്‍ മാത്രമാണ്. ഒരു കൊലപാതകിയെ ഇഷ്ടപ്പെട്ടാല്‍ പോലും ഒരു മദ്യപാനിയെ അംഗീകരിക്കാന്‍ കഴിയില്ല എന്ന എന്റെ മനസ്സിന്റെ വികലതയെ അംഗീകരിക്കുന്നവര്‍ മാത്രമേ എന്റെ സൌഹൃദം പോലും ആഗ്രഹിക്കാവൂ.

 

 

Latest News