റിയാദ് - സൗദിയിൽ രണ്ടു വർഷത്തിനിടെ അർബുദ ചികിത്സ ലഭ്യമായ സ്‌പെഷ്യലിസ്റ്റ് ആശുപത്രികളുടെ എണ്ണം ഇരട്ടിയോളം വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2017 ൽ ഒമ്പത് കാൻ സർ ആശുപത്രികളാണുണ്ടായിരുന്നത്. ഈ വർഷത്തോടെ അർബുദ ചികിത്സാ സെന്ററുകളുടെ എണ്ണം 17 ആയി ഉയർന്നു. അർബുദ ചികിത്സാ സെന്ററുകളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനിടെ 88.8 ശതമാനം വർധന രേഖപ്പെടുത്തി. അർബുദ ചികിത്സക്കുള്ള കിടക്കകളുടെ എണ്ണം 389 ൽ നിന്ന് 546 ആയി.
കിടക്കകളുടെ എണ്ണത്തിൽ 40.3 ശതമാനം വർധനയാണ് ഇക്കാലയളവിലുണ്ടായത്. അർബുദ ചികിത്സാ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം 723 ൽ നിന്ന് 1043 ആയും ഉയർന്നു. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ 44.2 ശതമാനം വർധനയുണ്ടായി.
അർബുദ ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ വ്യാപനത്തിൽ 40 ശതമാനം വർധനയുണ്ടായി. കീമോതെറാപ്പി ലഭ്യമായ സെന്ററുകളുടെ എണ്ണം 17 ആയി ഉയർന്നു. 2017 ൽ ഇത്തരത്തിലെ പത്തു സെന്ററുകളാണുണ്ടായിരുന്നത്. കീമോതെറാപ്പി സെന്ററുകളുടെ എണ്ണത്തിൽ 89 ശതമാനം വർധനയുണ്ടായി. റേഡിയേഷൻ തെറാപ്പി സിറ്റിംഗുകളുടെ എണ്ണം ഈ വർഷം 42,119 ആയി ഉയർന്നു.
2017 ൽ 41,483 റേഡിയേഷൻ തെറാപ്പി സിറ്റിംഗുകളാണ് നടത്തിയത്. സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ചികിത്സ ലഭ്യമായ സെന്ററുകളുടെ എണ്ണം ഒന്നിൽ നിന്ന് അഞ്ചായി രണ്ടു വർഷത്തിനിടെ ഉയർന്നു. ഈ ചികിത്സാ സേവനം ലഭ്യമായ സെന്ററുകളുടെ എണ്ണത്തിൽ നാലിരട്ടി വളർച്ചയാണ് രണ്ടു വർഷത്തിനിടെയുണ്ടായത്. കുട്ടികൾക്കുള്ള അർബുദ ചികിത്സാ സേവനം ലഭ്യമായ കേന്ദ്രങ്ങളുടെ എണ്ണം നാലിൽ നിന്ന് അഞ്ചായും രണ്ടു വർഷത്തിനിടെ ഉയർന്നു.
എല്ലാ ആശുപത്രികളിലും സെന്ററുകളിലും ചികിത്സാ പ്രോട്ടോകോളുകളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഓങ്കോളജി ഡ്രഗ് ഗൈഡ് ഏകീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഓങ്കോളജി ഗൈഡിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് വൈകാതെ മന്ത്രാലയം പുറത്തിറക്കും. രാജ്യത്തെ 93 ശതമാനം മെഡിക്കൽ സെന്ററുകളിലും ഇപ്പോൾ അർബുദ മരുന്നുകൾ ലഭ്യമാണ്. കഴിഞ്ഞ കൊല്ലം 71 ശതമാനം ആശുപത്രികളിൽ മാത്രമാണ് ഈ മരുന്നുകൾ ലഭ്യമായിരുന്നത്. അർബുദ ചികിത്സാ സേവനം മെച്ചപ്പെടുത്തുന്നതിന് ഏതാനും പദ്ധതികൾ പുതുതായി നടപ്പാക്കിത്തുടങ്ങിയതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.