കാസർകോട് - ഭാഷകളുടെയും സംസ്‌ക്കാരങ്ങളുടെയും കലകളുടെയും ചരിത്രമുറങ്ങുന്ന സംഗമഭൂമിയിൽ നാല് രാപ്പകൽ വർണ്ണരാജി വിതയ്ക്കുന്ന കലയുടെ വസന്തത്തിന് നാളെ തിരിതെളിയും. കവി പി.കുഞ്ഞിരാമൻ നായരുടെ നാമധേയത്തിൽ ഒരുക്കിയ ദേശീയ പാതക്ക് ഓരം ചേർന്നുള്ള ഐങ്ങോത്തെ പ്രധാന വേദിയിൽ രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബു കെ പതാക ഉയർത്തുന്നതോടെ അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കനകചിലങ്ക കുലുങ്ങി തുടങ്ങും.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കത്തിൽ വേദികൾ കീഴടക്കാനുള്ള ഒമ്പതിനായിരത്തോളം വരുന്ന കലാപ്രതിഭകൾ ഇന്ന് തന്നെ കാഞ്ഞങ്ങാട്ടെ ഉത്സവ നഗരിയിൽ എത്തിത്തുടങ്ങി. സംഘാടക സമിതി ചെയർമാൻ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ, മുൻസിപ്പൽ ചെയർമാൻ വി.വി.രമേശൻ, ഡി.ഡി.ഇ കെ.വി.പുഷ്പ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് കാഞ്ഞങ്ങാട് റെയിൽവെ സ്‌റ്റേഷനിൽ എത്തിയ പ്രതിഭകൾക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.
ഇവരെയെല്ലാം താമസസ്ഥലത്ത് സംഘാടകർ തന്നെ എത്തിക്കുകയായിരുന്നു. മത്സരവേദികളുടെ കൈമാറ്റം ഇന്നലെ വൈകീട്ട് ആറ് മണിക്ക് പ്രധാന വേദിയിൽ നടന്നു. വാദ്യഘോഷങ്ങളോടെ ആഘോഷ പൂർവ്വം കടന്നു വന്ന മന്ത്രി ഇ.ചന്ദ്രശേഖരനും ഡി.ജി.ഐ ജീവൻ ബാബുവും ചേർന്നാണ് വേദികൾ കൈമാറിയത്. എം.എൽ.എമാരായ കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, എൻ.എ.നെല്ലിക്കുന്ന് , എം.സി.ഖമറുദ്ദീൻ, കലക്ടർ ഡോ.സജിത് ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ 9 ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷണൻ കലകളുടെ ഉത്സവം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ ജയസൂര്യ പങ്കെടുക്കും. വേദികൾ നിർമാണം പൂർത്തിയായി. ഭക്ഷണ വിതരണത്തിനുള്ള പാചകപുര സബർമതിയിൽ ഇന്നലെ രാവിലെ പാലുകാച്ചൽ ചടങ്ങും നടന്നു. ഗതാഗതത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പാലക്കാട് ജില്ലയാണ് ആദ്യം എത്തിയത്. അപ്പീൽ ലോവർ അപ്പീൽ കമ്മിറ്റി ഹൊസ്ദുർഗ് ജി വി.എച്ച്എസിലും ഹയർ അപ്പീൽ കമ്മിറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ലിറ്റിൽ ഫ്‌ലവർ ഗേൾസ് ഹൈസ്‌ക്കൂളിലാണ് പ്രവർത്തിക്കുക. ജഡ്ജസിന്റെ പ്രവർത്തനം വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. മേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ട്രോഫികൾ നൽകും. അച്ചടക്കം ഉറപ്പുവരുത്താൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഡി. ജി. ഇ ജീവൻ ബാബു പറഞ്ഞു. രജിസ്‌ട്രേഷൻ നടത്തിയ കുട്ടികൾക്ക് ഇന്നലെ രാത്രി ഭക്ഷണം നൽകി. എക്‌സിബിഷൻ നഗരി ഉൾപ്പടെ 30 വേദികളാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പരിഷ്‌കരിക്കേണ്ടത് ആലോചിക്കുമെന്നും ജീവൻ ബാബു പറഞ്ഞു.