മലപ്പുറം - ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടി വരുന്നു. ദേശീയ പാത വിഭാഗത്തിന്റെ നേതൃത്വത്തിൽ പോലീസ് സഹായത്തോടെ അനധികൃത കച്ചവടങ്ങൾ ഉടൻ ഒഴിപ്പിക്കും.
നേരത്തെ നോട്ടീസ് നൽകിയപ്പോൾ തൽക്കാലം പിൻവാങ്ങിയവർ സർക്കാർ ഭൂമി അനധികൃതമായി കൈയേറി വീണ്ടും കച്ചവടം തുടങ്ങിയ സാഹചര്യത്തിലാണ് ദേശീയ പാത വിഭാഗം ശക്തമായ നടപടിക്കൊരുങ്ങുന്നത്. മലപ്പുറം ജില്ലാ അതിർത്തിയായ ചേലേമ്പ്ര ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ ദേശീയ പാത വിഭാഗം ടെൻഡർ നൽകിക്കഴിഞ്ഞു. മണ്ണുമാന്തി യന്ത്രവും ലോറിയും ഉപയോഗിച്ച് അനധികൃതമായി ദേശീയ പാതയോരത്ത് കെട്ടിയുണ്ടാക്കിയ ടെന്റുകൾ പൊളിച്ചു നീക്കാനാണ് തീരുമാനം.
ഇതിനു മുന്നോടിയായി നടപടിക്ക് രണ്ടു ദിവസം മുമ്പ് ഇടിമുഴിക്കൽ മുതൽ പുത്തനത്താണി വരെയുള്ള ദേശീയ പാതാ മേഖലയിൽ വിളംബരം ചെയ്യും. സ്വമേധയാ ഒഴിഞ്ഞു പോകാത്തവരെ ബലമായി ഒഴിപ്പിക്കുമെന്നു ദേശീയ പാതാ വിഭാഗം ചേളാരി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വിനോദ് ചാലിൽ വ്യക്തമാക്കി.
കോഹിനൂർ ദേശീയ പാതയോരത്ത് പാണമ്പ്ര വളവ് തുടങ്ങുന്നതിനു സമീപമുള്ള മേഖലയിൽ അനധികൃതമായി കച്ചവടം നടത്തുന്നിടത്ത് കഴിഞ്ഞ ദിവസം ബസിടിച്ച് പിക്കപ്പ് വാൻ അപകടത്തിൽ പെട്ടിരുന്നു.
കോഹിനൂരിൽ ഡിവൈഡർ തുടങ്ങുന്ന പ്രദേശത്തുള്ള ദേശീയ പാതയോരത്തെ പഴവർഗ കച്ചവടമാണ് വാഹനാപകടത്തിനിടയാക്കിയത്. സംഭവ സമയത്ത് പ്രദേശത്തെ റോഡരികിൽ കാൽനട യാത്രക്കാരില്ലാത്തതും പിക്കപ്പ് വാനിൽ ഡ്രൈവറില്ലാത്തതും കാരണമാണ് ആളപായം ഒഴിവായത്. സമാന രീതിയിൽ ദേശീയ പാതയോരത്ത് മറ്റു അനധികൃത കച്ചവടങ്ങളുമുണ്ട്. ഈ പ്രദേശങ്ങളിൽ ദേശീയ പാതയോരത്ത് സ്ഥാപിച്ച പരസ്യ ഫഌക്‌സ് ബോർഡുകൾ ഒഴിവാക്കാനും തീരുമാനമുണ്ട്