കൽപറ്റ- പാമ്പുകടിയേറ്റ ബത്തേരി ഗവ.സർവജന സ്‌കൂൾ വിദ്യാർഥിനി ഷഹല ഷെറിനെ മരണത്തിനു വിട്ടുകൊടുത്തത് വയനാട്ടിൽ ലഭ്യമായ ചികിത്സാസൗകര്യം ഉപയോഗിക്കാതെ. മേപ്പാടി അരപ്പറ്റയിലെ ഡി.എം.വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആന്റിവെനവും വെന്റിലേറ്ററും ഉണ്ടായിരിക്കെയാണ് ഷഹലയ്ക്കു വിദഗ്ധ ചികിത്സ ലഭിക്കാതിരുന്നത്.
വിദ്യാർഥിനി മരിച്ച ദിവസം ഡി.എം. വിംസ് ആശുപത്രിയിൽ 42 ഡോസ് ആന്റിവെനവും വെന്റിലേറ്റർ ഒഴിവും ഉണ്ടായിരുന്നതായി ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.രാജൻ പറഞ്ഞു. വിദ്യാർഥിനിക്കു പാമ്പുകടിയേറ്റ ദിവസം വൈകുന്നേരം ആന്റിവെനത്തിന്റെയും വെന്റിലേറ്ററിന്റെയും ലഭ്യത ആരാഞ്ഞ് ഡി.എം. വിംസിലേക്കു ഫോൺ വന്നിരുന്നു. ചികിത്സാസൗകര്യം ഉണ്ടെന്നും രോഗിയെ ഉടൻ എത്തിക്കാനും ഫോൺ അറ്റൻഡു ചെയ്തയാൾ നിർദേശം നൽകി. എന്നാൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചില്ല. ബത്തേരിയിൽനിന്നു അമ്പലവയൽ വഴി 30 കിലോമീറ്ററാണ് ഡി.എം. വിംസിലേക്കു ദൂരം.
ആദ്യം കാണിച്ച ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു ഡി.എം. വിംസിൽ എത്തിച്ചിരുന്നുവെങ്കിൽ മതിയായ ചികിത്സ ലഭിക്കുമായിരുന്നു. ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ നിരീക്ഷണത്തിൽവെച്ചു സമയംകളയാതെ ഡി.എം. വിംസിൽ എത്തിച്ചിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടേനെ. താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ കുട്ടി ഛർദിച്ചശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്. ചികിത്സാവിഷയത്തിൽ ജില്ലതല ഏകോപനത്തിന്റെ അഭാവം വിദ്യാർഥിനിക്കു വിദഗ്ധ ചികിത്സ യഥാസമയം ലഭിക്കുന്നതിനു വിഘാതമായെന്നും ഡോ.രാജൻ പറഞ്ഞു.