തൃശൂർ - ഉപ്പുമാവിന് ഇംഗ്ലീഷിലെന്താ പറയ്വാ സാറേ എന്ന് ചോദിച്ചപ്പോൾ സാൾട്ട് മാംഗോ ട്രീ എന്ന് വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് മാഷിനെ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയിൽ കണ്ടു. സംസ്ഥാനത്തെ 347 സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകരില്ല എന്നറിയുമ്പോൾ സാൾട്ട് മാംഗോ ട്രീ കേരളത്തിൽ തഴച്ചുവളരുന്നു എന്ന് മനസിലാക്കുക. ഇവിടങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് അധ്യാപകരാണ്. തൃശൂർ ജില്ലയിൽ 25 സർക്കാർ സ്‌കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകരില്ലെന്നാണ് വിവരം. അഞ്ച് ഡിവിഷൻ ഉണ്ടെങ്കിലേ ഒരു ഇംഗ്ലീഷ് അധ്യാപകനേ നിയമിക്കൂവെന്നാണ് കെ.ഇ.ആർ ആക്ടിലെ നിയമം. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ചില സർക്കാർ സ്‌കൂളുകളിൽ പോലും ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ലത്രെ. യോഗ്യതയില്ലാത്ത അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതെന്നാണ് പരാതി. മിക്ക സ്‌കൂളുകളിലും ഇംഗ്ലീഷ് ടെക്‌സ്റ്റ് ബുക്കുകളുടെ മലയാള പരിഭാഷ ലഭ്യമാണെന്നും ഇതിൽനിന്നും പാഠഭാഗങ്ങൾ മലയാളത്തിൽ വായിച്ചു മനസിലാക്കി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും തൃശൂർ ജില്ല എച്ച്.എസ്.എ ഇംഗ്ലീഷ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പറഞ്ഞു. ജില്ലയിലെ 25 സ്‌കൂളുകളിലും തങ്ങൾ നേരിട്ട ്‌പോയി ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലാംഗ്വേജ് ക്ലാസിന് പകരം ട്രാൻസലേഷൻ ക്ലാസാണ് അവിടെ നടക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു.
ഇംഗ്ലീഷിൽ ബിരുദവും ബി.എഡും, അതിനേക്കാൾ യോഗ്യത കൂടുതലുമുള്ള അധ്യാപകരുടെ എച്ച്.എസ്.എ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് പണിയറിയാത്തവരെ വെച്ച് കുട്ടികളേയും രക്ഷിതാക്കളേയും ഒരു പോലെ കബളിപ്പിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. പല ജില്ലകളിലും നിലവിലെ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം നൽകാൻ കഴിഞ്ഞിട്ടില്ലത്രെ.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെയും നിലവിലുള്ള ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്ത ഡിഡിഇ ഓഫീസിന്റെ അനാസ്ഥക്കെതിരെയും തൃശൂർ ജില്ലയിലെ റാങ്ക് ഹോൾഡേഴ്‌സ് അയ്യന്തോൾ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.