അബുദാബി- സഹിഷ്ണുതാ വര്‍ഷത്തില്‍ മലയാളി ബിസിനസുകാരനെ ഉന്നത പുരസ്‌കാരം നല്‍കി ആദരിച്ച് യു.എ.ഇ. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്നെയാണ് ഈ പുരസ്‌കാരം സമ്മാനിച്ചതെന്നത് തന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നതായി സജി ചെറിയാന്‍ പറഞ്ഞു.
2018 ല്‍ ഫുജൈറയില്‍ മുസ്‌ലിം പള്ളി നിര്‍മിച്ചു നല്‍കിയതിലൂടെ തലക്കെട്ടുകള്‍ പിടിച്ചുപറ്റിയ സജി ചെറിയാന്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങളിലൂടെ ശ്രദ്ധേയനാണ്. യു.എ.ഇ പയനീയേഴ്‌സ് അവാര്‍ഡാണ് അദ്ദേഹം നേടിയത്.
ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മത വിശ്വാസിയായ സജി ചെറിയാന്‍ ഫുജൈറയിലെ അല്‍ ഹായില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിര്‍മിച്ച പള്ളിയുടെ പേര് മറിയം ഉമ്മു ഈസ പള്ളി എന്നാണ്. നൂറുകണക്കിന് മുസ്‌ലിം വിശ്വാസികള്‍ക്ക് നമസ്‌കരിക്കാന്‍ ഏറെ ദൂരം നടക്കേണ്ടി വരുന്നു എന്നതാണ് പള്ളി നിര്‍മിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്.
ഈ നിമിഷം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല. എനിക്ക് കിട്ടിയ ഏറ്റവും വലിയ ജന്മദിന സമ്മാനം- സജി ചെറിയാന്‍ പറഞ്ഞു.