കോഴിക്കോട്- ഇത് വായിച്ചിട്ടെങ്കിലും ആര്‍ക്കെങ്കിലും ബോധോദയമുണ്ടായി ഇവറ്റകള്‍ കലക്കി കൊണ്ടിരിക്കുന്ന കുടുംബങ്ങളില്‍ ശകലം വെളിച്ചം വീഴട്ടെ. ഇളിച്ചോണ്ടിരുന്ന് തോന്നിവാസം പറയുന്നവരുടെ മുന്നിലൂടെ ചിരിച്ചോണ്ട് നെഞ്ചും വിരിച്ച് നടക്കാനുള്ള ഗട്ട്‌സ് എന്ന് മനുഷ്യര്‍ക്കുണ്ടാവുന്നോ അന്ന് ഇവന്‍മാര്‍ ഈ പണി നിര്‍ത്തും. ഡോ. ഷിംന അസീസ് ഫെയ്‌സ് ബുക്കില്‍ എഴുതിയ വേറിട്ട കുറിപ്പ് വായിക്കാം.
നമ്മുടെ സമൂഹത്തിന്റെ ഒരു പങ്ക് അറപ്പുളവാക്കുന്ന വിധം നശിച്ചതാണ്. മറ്റുള്ളവരെക്കുറിച്ചുള്ള മുന്‍വിധിയിലും മാര്‍ക്കിടലിലും ആണ് അവരുടെ സ്‌പെഷ്യലൈസേഷന്‍. റോഡരികില്‍ ഇറങ്ങിയിരുന്ന് സ്വന്തം അടുക്കളയിലെ പ്രശ്‌നങ്ങള്‍ സകലതും മൂടി വെച്ച് മിസ്റ്റര്‍ പെര്‍ഫെക്ടാകും.
ആ നാട്ടിലുള്ളവരുടെ കിടപ്പറരഹസ്യങ്ങള്‍ വരെ ഊഹിച്ച് പുച്ഛിച്ചും പരിഹസിച്ചും ആസ്വദിക്കും. അവിടുന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് പോയാലുടന്‍ അയാളെക്കുറിച്ചും പറയും. കുടുംബം കലക്കല്‍, കല്യാണം മുടക്കല്‍ തുടങ്ങിയ കുല്‍സിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ വിഷജന്തുക്കളില്‍ വലിയൊരു വിഭാഗം പ്രായഭേദമെന്യേ പണിക്കുപോവാതെ കുത്തിയിരിക്കുന്ന പുരുഷന്‍മാരായിരിക്കും. ഞങ്ങള്‍ പെണ്ണുങ്ങള്‍ പരദൂഷണം പറയാറില്ലെന്നല്ല, ഇത്ര മാസ്സ് അല്ലെന്ന് മാത്രം. പുറത്തൂന്ന് ഇതെല്ലാം കേട്ട് വന്ന് അവരുടെ താളത്തിനൊത്ത് തുള്ളുന്ന പുരുഷന്‍മാര്‍ വീട്ടിലുണ്ടെങ്കില്‍ പിന്നെ, വീട്ടിലുള്ളവരുടെ ജീവിതം കോഞ്ഞാട്ടയാകാന്‍ ഇത് ധാരാളം.
ഇവരുടെ അടിസ്ഥാനപ്രശ്‌നം ആവശ്യത്തിലേറെയുള്ള സമയവും, കൂടെ മടിയും കൊനിഷ്ടുമാണ്. ഒരു ദിവസമെന്നാല്‍ ജോലി, കുടുംബം, ആരോഗ്യപരിപാലനം, വിനോദം, യാത്ര തുടങ്ങി പലതായി വിഭജിച്ചാല്‍ റോഡിലിരുന്ന് മൂക്കില്‍ തോണ്ടാന്‍ ഉറപ്പായും സമയം കിട്ടില്ലെന്ന് മാത്രമല്ല, 24 മണിക്കൂര്‍ തികയുകയുമില്ല. സ്വന്തം ജീവിതവും മറ്റുള്ളവരുടെ ആരോഗ്യവും നല്ല രീതിയിലിരിക്കും. അത് ചെയ്യില്ല. അതിന് അന്യന്റെ പച്ചയിറച്ചി തിന്നുന്ന സുഖം കിട്ടില്ലല്ലോ.
പുറത്തുള്ള രാജ്യങ്ങളില്‍ മക്കളെയൊക്കെ വലുതാക്കി പറത്തി വിട്ട് നാട് കാണാന്‍ ഭാര്യയേയും കൂട്ടി വിമാനം കയറുന്നത് മധ്യവയസ്സിലാണെങ്കില്‍ നമ്മുടെ നാട്ടില്‍ പലപ്പോഴും അവരെ രണ്ട് കട്ടിലുകളിലേക്കോ രണ്ട് മുറികളിലേക്കോ പോലും മുറിച്ച് മാറ്റുന്ന കാലമാണ് വാര്‍ദ്ധക്യം. ഭാര്യയോട് സ്‌നേഹം പ്രകടിപ്പിക്കുന്നവനും ഭാര്യയുടെ അഭിപ്രായം മാനിക്കുന്നവനും ഇവറ്റകള്‍ക്ക് 'പെണ്‍കോന്തന്‍' ആണ്. അതിനെ മറികടന്ന് ഈ വായിനോക്കികളുടെ വര്‍ത്തമാനത്തിന്റെ മുനയൊടിച്ച് വേണം ഇപ്പോഴും പലയിടങ്ങളിലും സ്വൈര്യമായി ജീവിക്കാന്‍. സിറ്റിയിലെ ന്യൂക്ലിയര്‍ ജീവിതത്തിന്റെ കാര്യമല്ല പറയുന്നത്. 'നാട്ടുകാരെന്ത് പറയും' അഡിക്ടട് നാടുകളിലെ ജീവിതത്തിനാണ്. അവനവന്‍ അധ്വാനിച്ച് കൊണ്ട് വന്ന കാശിന് ജീവിക്കുന്നതിന് വരെ ഉളുപ്പില്ലാതെ അഭിപ്രായം പറയുന്ന തന്തമാരും ഭാവിതന്തമാരും കൂടിയുള്ള പ്രോഗ്രാം. ഇതിനൊത്ത് തുള്ളുന്നവര് അതിലും വലിയ ശോകം.
വേദന സഹിക്കുന്നത് എന്തോ വലിയ കാര്യമാണെന്ന ധാരണ എവിടുന്നോ വന്ന് പെട്ടൊരു ജനതയാണ് നമ്മള്‍. ശരീരവേദനയായാലും മാനസികവേദനയായാലും ക്ഷമിച്ച് സഹിച്ച് 'ഞാന്‍ സൂപ്പറാണ്' എന്ന് കാണിക്കാനുള്ളൊരു വ്യഗ്രത, ദു:ഖങ്ങള്‍ സഹിച്ച് ക്ഷമിച്ച് നടക്കണം, സമൂഹം ഉണ്ടാക്കിയ നിയമങ്ങള്‍ക്ക് അവനവന്റെ കഴിവും സന്തോഷങ്ങളും പണയം വെക്കണം.
സ്വന്തം ലൈംഗികദാരിദ്രം അയലോക്കത്തെ പെണ്ണിനെ കുറിച്ച് അപവാദവും ഇക്കിളിയും പറഞ്ഞ് സായൂജ്യം തേടുന്ന നികൃഷ്ടജീവികള്‍. ഇപ്പോ എന്തിന് ഇതൊക്കെ പറയുന്നെന്ന് കരുതേണ്ട. നാട്ടുകാരായ അഭ്യുദേയകാംക്ഷികള്‍ കുടുംബം കലക്കിയ ഏറ്റവും ലേറ്റസ്റ്റ് കപിള്‍ കാണാന്‍ വന്നിരുന്നേ. ആ വകയില്‍ ബിപി കൂടിയിട്ട് എഴുതിയതാണ്. ആ ഭര്‍ത്താവിന് ശകലം ബോധമുണ്ടായിരുന്നത് കൊണ്ട് ഒരു കുടുംബം രക്ഷപ്പെട്ടു.
'നമ്മ സെമ്മയാ വാഴ്ന്ത് കാട്ട്‌റത് താന്‍ നമ്മ വാഴവേ കൂടാതെന്റ്‌റ് നിനക്കറവ്‌ര്ക്ക് നമ്മ കൊടുക്കണ പെരിയ ദണ്ഢനൈ.' നമ്മള്‍ സന്തോഷമായി ജീവിച്ച് കാണിക്കുന്നതാണ് നമ്മള്‍ ജീവിക്കുകയേ ചെയ്യരുതെന്ന് ചിന്തിക്കുന്നവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ.'
ഇത് ഞാന്‍ പറഞ്ഞതല്ല, രക്ഷിക്കല്‍ സ്‌പെഷ്യലിസ്റ്റ് നടന്‍ വിജയിന്റെ ഡയലോഗ് ഇപ്പോ ടിവിയില്‍ കേട്ടതാണ്. അത് തന്നെയാണ് ചെയ്യേണ്ടത്. നമ്മുടെ സ്വാതന്ത്രവും ജീവിതസൗകര്യങ്ങളും നിലയും വിലയും കണ്ടിട്ട് സഹിക്കാത്ത കു(മ)ലംതീനികളുടെ മുന്നില്‍ ചെയ്യേണ്ടത് ഈ പറഞ്ഞ പോലെ നല്ല അസ്സലായി ജീവിച്ച് കാണിക്കല്‍ തന്നെയാണ്.
ഓര്‍മ്മിപ്പിച്ചതാണ്. ഇത് വായിച്ചിട്ടെങ്കിലും ആര്‍ക്കെങ്കിലും ബോധോദയമുണ്ടായി ഇവറ്റകള്‍ കലക്കി കൊണ്ടിരിക്കുന്ന കുടുംബങ്ങളില്‍ ശകലം വെളിച്ചം വീഴട്ടെ. ഇളിച്ചോണ്ടിരുന്ന് തോന്നിവാസം പറയുന്നവരുടെ മുന്നിലൂടെ ചിരിച്ചോണ്ട് നെഞ്ചും വിരിച്ച് നടക്കാനുള്ള ഗട്ട്‌സ് എന്ന് മനുഷ്യര്‍ക്കുണ്ടാവുന്നോ അന്ന് ഇവന്‍മാര്‍ ഈ പണി നിര്‍ത്തും.
നാശങ്ങള്‍.