റിയാദ് - പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കൻ സംയുക്ത സേനാ മേധാവി (ചെയർമാൻ ഓഫ് ദി ജോയന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്) ജനറൽ മാർക് എ. മിലിയും ചർച്ച നടത്തി.
പ്രതിരോധം അടക്കമുള്ള മേഖലകളിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ആഗോള സുരക്ഷക്കും സമാധാനത്തിനും ഗുണകരമാകുന്ന നിലക്ക് ഇവക്ക് പരിഹാരം കാണുന്നതിന് നടത്തുന്ന സംയുക്ത ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽആയിശ്, സൗദി സംയുക്ത സേനാ മേധാവി ജനറൽ ഫയാദ് അൽറുവൈലി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ഹിശാം ആലുശൈഖ്, സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.