റിയാദ് - ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ആകെ 85.2 ലക്ഷം ജീവനക്കാരുള്ളതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 66.1 ലക്ഷം വിദേശികളും 19.1 ലക്ഷം പേർ സ്വദേശികളുമാണ്.
ജീവനക്കാരിൽ 96.9 ശതമാനവും സ്വകാര്യ മേഖലയിലാണ്. സ്വകാര്യ മേഖലയിൽ 82.5 ലക്ഷം ജീവനക്കാരുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ 2,67,400 ഓളം പേർ ജോലി ചെയ്യുന്നു. ആകെ ജീവനക്കാരിൽ 3.1 ശതമാനം പേർ മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളത്. സ്വദേശി ജീവനക്കാരിൽ 87.6 ശതമാനവും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലാണ്. 16.7 ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽ 2,36,900 ഓളം സൗദികൾ ജോലി ചെയ്യുന്നു. സ്വകാര്യ, പൊതുമേഖലകളിലെ ആകെ സൗദി ജീവനക്കാരിൽ 12.4 ശതമാനം പേർ മാത്രമാണ് പൊതുമേഖഖലാ സ്ഥപാനങ്ങളിൽ ജോലി ചെയ്യുന്നത്. വിദേശികളിൽ 99.5 ശതമാനവും സ്വകാര്യ മേഖലയിലാണ്. 65.8 ലക്ഷം വിദേശികൾ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.