റിയാദ് - ചില്ലറ മേഖലയിൽ ഇ-പെയ്‌മെന്റ് അനുപാതം മുൻകൂട്ടി നിർണയിച്ചതിലും നേരത്തെ ലക്ഷ്യം കൈവരിച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) വെളിപ്പെടുത്തി. ജൂലൈ അവസാനത്തോടെ ചില്ലറ മേഖലയിൽ ഇ-പെയ്‌മെന്റ് അനുപാതം 36 ശതമാനത്തിലധികമായി ഉയർന്നു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ധനമേഖലാ നവീകരണ പ്രോഗ്രാം നിർണയിച്ച അനുപാതത്തിൽ കൂടുതലാണിത്. 2020 ഓടെ ഇ-പെയ്‌മെന്റ് അനുപാതം 28 ശതമാനമായി ഉയർത്തുന്നതിനാണ് ധനമേഖലാ വികസന പ്രോഗ്രാം ലക്ഷ്യമിട്ടിരുന്നത്.
2030 ഓടെ ഇ-പെയ്‌മെന്റ് കൂടുതൽ വ്യാപകമാക്കുന്നതിനും പണം ഇടപാടുകൾ കുറക്കുന്നതിനും ഇ-പെയ്‌മെന്റ് അനുപാതം 70 ശതമാനത്തിലെത്തിക്കുന്നതിനുമാണ് സാമ ലക്ഷ്യമിടുന്നത്. ഇ-പെയ്‌മെന്റ് എളുപ്പമാക്കൽ, പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ കറൻസി കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് കുറക്കൽ, ധന ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കൽ എന്നിവയെല്ലാം ഇതിന്റെ നേട്ടങ്ങളാണ്. കറൻസി ഇടപാട് കുറക്കുക സാമയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന് ഡിജിറ്റൽ പെയ്‌മെന്റ് മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഇ-പെയ്‌മെന്റ് ഇടപാടുകൾക്ക് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എ.ടി.എം കാർഡുകളാണ്. ആകെ ഇ-പെയ്‌മെന്റ് ഇടപാടുകളിൽ 31.3 ശതമാനവും കാർഡുകൾ അവലംബിച്ചാണ് പൂർത്തിയാക്കുന്നത്. സദ്ദാദ് പോർട്ടൽ, ഇ-മണി ട്രാൻസ്ഫർ അടക്കമുള്ള മറ്റു ഇ-പെയ്‌മെന്റ് സംവിധാനങ്ങളും ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നു. പോയന്റ് ഓഫ് സെയിൽ സേവനങ്ങൾക്കുള്ള നാഷണൽ പെയ്‌മെന്റ് സംവിധാനമായ മദ വഴിയുള്ള പെയ്‌മെന്റ് ഇടപാടുകളിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി.
പ്രാദേശിക വിപണിയിൽ ഇ-സേവന നിലവാരം ഉയർത്തുന്നതിന് മുൻ വർഷങ്ങളിൽ മദ സ്ട്രാറ്റജി പ്രോഗ്രാം നടപ്പാക്കിയതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കുന്നതിന് സാധിച്ചത്. 2016 ൽ പോയന്റ് ഓഫ് സെയിൽ ഇടപാടുകളിൽ 33 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2017 ൽ ഇത് 35 ശതമാനവും 2018 ൽ 46 ശതമാനവുമായി വർധിച്ചു. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം പോയന്റ് ഓഫ് സെയിൽ ഇടപാടുകളിൽ 50 ശതമാനത്തോളം വളർച്ചയുണ്ട്.
പെട്രോൾ ബങ്കുകൾ അടക്കം കൂടുതൽ മേഖലകളിൽ പോയന്റ് ഓഫ് സെയിൽ സേവനം ശ്രദ്ധേയമായ നിലയിൽ വ്യാപിച്ചു. സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 4,07,000 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. 2013 ൽ 1,07,000 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. സ്മാർട്ട് ഫോണുകൾ വഴിയുള്ള പെയ്‌മെന്റ് സേവനം ആരംഭിച്ച ശേഷം നിയർ-ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യയിലുള്ള മദ അസീർ സേവനം ആരംഭിച്ചതിന് ഇ-പെയ്‌മെന്റ് ശക്തമാക്കുന്നതിൽ വലിയ സ്വാധീനമുണ്ട്. പ്രാദേശിക ബാങ്കുകളുമായും സ്വകാര്യ മേഖലയിലെ സേവന ദാതാക്കളുമായുമുള്ള പങ്കാളിത്തത്തിലൂടെയും ഇ-പെയ്‌മെന്റ് വ്യാപകമാക്കുന്നതിന് സർക്കാർ വകുപ്പുകളുമായി തുടർച്ചയായി സഹകരിക്കുന്നതിലൂടെയും നടത്തിവരുന്ന ശ്രമങ്ങളാണ് ഈ മേഖലയിൽ ശ്രദ്ധേയമായ വളർച്ച കൈവരിക്കുന്നതിന് സാധിച്ചതെന്നും സാമ പറഞ്ഞു.