എടക്കര- രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് പരാതി നൽകിയ യുവമോർച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോത്തുകൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. അജേഷ് എൻ.എസ് എടക്കര സി.ഐ മനോജ് പറയറ്റക്ക് നൽകിയ പരാതിയിൻമേലാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി എം.പിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം അജി തോമസ് എടക്കര പോലീസിൽ പരാതി നൽകിയിരുന്നു.
മണ്ഡലത്തിലും പാർലമെന്റിലും കാണാത്ത എം.പിയെ നവമാധ്യമങ്ങളിലും കാണാനില്ലെന്നും ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും കാണിച്ചായിരുന്നു പരാതി.
ഇതിനെതിരെയാണ് അഡ്വ. അജേഷ് എൻ.എസ് എടക്കര സി.ഐക്ക് പരാതി നൽകിയത്.
ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് അജി തോമസ് ഇത്തരത്തിലുള്ള പരാതി നൽകിയതെന്നും കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ നിലവിലുള്ള സൗഹാർദ അന്തരീക്ഷത്തിന് ഭംഗം വരുത്തി കലഹം ഉണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെയാണിതെന്നും അജേഷ് നൽകിയ പരാതിയിൽ പറയുന്നു.
വ്യാജ പരാതി നൽകി ഒരാളുടെ സൽപ്പേരിനു കളങ്കം വരുത്തുക, വ്യാജ വിവരം നൽകി പോലീസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരാൾക്ക് ക്ഷതം വരുത്തുക, നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രചാരണം നടത്തി സംഘർഷമുണ്ടാക്കുക, നവ മാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അജി തോമസിനെതിരെ എഫ്.ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ രസീത് സോഷ്യൽ മീഡിയകളിൽ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.