കോഴിക്കോട് - മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി വീണ്ടും മാവോയിസ്റ്റ് കത്ത്. നടക്കാവ് സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ. അഷറഫിനാണ് കത്ത് ലഭിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെ തപാലിലെത്തിയ കത്തിൽ മുഖ്യമന്ത്രിയെ വധിക്കുമെന്നാണ് ഭീഷണി. ഞങ്ങൾ കാട്ടിൽ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. നിങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ടെന്നുമാണ് കത്തിലെ വെളിപ്പെടുത്തൽ. നഗരത്തിൽ വൻ സ്‌ഫോടനം നടത്തുമെന്നും മുന്നറിയിപ്പുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടേയും പിന്തുണയോടെ ആക്രമണം നടത്തുമെന്നും ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ സഞ്ചരിച്ചാലും രക്ഷപ്പെടാൻ കഴിയില്ലെന്നും കത്തിൽ പറയുന്നുണ്ട്.
ഇതിനൊപ്പം മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരേ രൂക്ഷ വിമർശനവുമുണ്ട്. വെള്ളക്കടലാസിൽ ചുവന്ന മഷിയിൽ രൂക്ഷ ഭാഷയിലാണ് കത്തെഴുതിയിരിക്കുന്നത്. കത്തെഴുതിയത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ടാഴ്ചക്കിടയിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി പോലീസിന് കത്ത് ലഭിക്കുന്നത്. കഴിഞ്ഞ 15 ന് വടകര പോലീസ് സ്റ്റേഷനിലും മാതൃഭൂമി ന്യൂസ് ബ്യൂറോയിലുമാണ് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചത്. മഞ്ചക്കണ്ടി വനത്തിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ പകരം വീട്ടുമെന്ന ഉള്ളടക്കത്തോടെയായിരുന്നു കത്ത്.