കൊച്ചി-മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഷഹിം ഒളിവിൽ കഴിഞ്ഞത് മഹാരാഷ്ട്രയിലെ സാംഗഌയിൽ. കൊലയ്ക്ക് ശേഷം കേരളത്തിൽ നിന്നും രക്ഷപ്പെട്ട ഇയാൾ സാംഗഌയിലെ മാർക്കറ്റിൽ മാതള നാരാങ്ങ വിൽപ്പന നടത്തുകയായിരുന്നു.
ഇവിടെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഷഹിമിനെ ചൊവ്വാഴ്ച മഹാരാജാസിലെത്തിച്ച് തെളിവെടുത്തു.
2018 ജൂലൈ രണ്ടിന് രാത്രി 12.45 ന് മഹാരാജാസ് കോളേജിന് പിറകിലെ കവാടത്തിന് സമീപത്ത് വെച്ചാണ് കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ അർജുൻ കൃഷ്ണയെ കുത്തിയത് ഷഹീമാണ്. സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മാറി നിൽക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾ നിർദേശിച്ചു. അന്ന് രാത്രി തന്നെ തൃശൂരിലേക്കും അവിടെ നിന്ന് കോയമ്പത്തൂരിലേക്കും മാറി. മൂന്നിന് ബംഗളൂരുവിൽ തങ്ങി. ഇതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. പ്രതികളിൽ ചിലർ അറസ്റ്റിലായിയെന്നും അവിടെ നിന്നും മാറി നിൽക്കണമെന്നും വീട്ടുകാർ അറിയിച്ചതോടെ മഹാരാഷ്ട്രയിലേക്ക് പോയി. സാംഗഌ നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തെ മാതള നാരങ്ങ മൊത്തവ്യാപാരിയായ സൂര്യ കിരണിനെ പരിചയപ്പെട്ടു. ഇത്രയും നാൾ ഇയാളിൽ നിന്നും സാധനങ്ങൾ വാങ്ങി വിൽപന നടത്തുകയുമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഷഹിം പറഞ്ഞതായി അന്വേഷണ ചുമതലയുള്ള എസിപി എസ് ടി സുരേഷ് കുമാർ പറഞ്ഞു. സംഭവ സ്ഥലത്ത് ഷഹീമിനെ എത്തിച്ച് തെളിവെടുത്തു. അഞ്ച് ദിവസത്തേക്കാണ് ഷഹിമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
ലോറി ജീവനക്കാരനായിരുന്ന ഷഹിം നേരത്തെ സാംഗഌ സന്ദർശിച്ചിട്ടുണ്ട്. ഈ പരിചയം വെച്ചാണ് കൊലപാതകത്തിന് ശേഷം ഇവിടെയെത്താൻ പ്രേരിപ്പിച്ചത്. ഇതിനിടെ ഒരു പ്രാവശ്യം കേരളത്തിലെത്തി. എന്നാൽ കേസിലെ പല പ്രതികളെയും പിടികൂടിയതറിഞ്ഞ് തിരിച്ചുപോയി. പോപ്പുലർ ഫ്രണ്ടിന്റെ നിയമ ഉപദേശം ലഭിച്ചതിനാൽ അവിടെ തന്നെ തങ്ങി. അഭിമന്യുവിനെ കുത്തിയ നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (21), അർജുനെ കുത്തിയ ചേർത്തല പാണാവള്ളി സ്വദേശി തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹിം (31) എന്നിവർ ഉൾപ്പെടെ ആറു പേർക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഭിമന്യുവിനെ കുത്താൻ പിടിച്ച് നിർത്തിക്കൊടുത്ത പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി എൻ ഷിഫാസ് (23) ഉൾപ്പെടെ പലരും പോലീസിൽ കീഴടങ്ങി. കേസിൽ നേരിട്ട് പങ്കാളികളായ 16 ൽ 15 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. സഹൽ ഹംസ ഇപ്പോഴും ഒളിവിലാണ്. 16 പേരെ പ്രതി ചേർത്ത് കോടതിയിൽ 85 ാം നാൾ കുറ്റപത്രവും നൽകി. വിചാരണയ്ക്കുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.