നോര്‍ക്ക റൂട്ട്‌സ് നിയമസഹായ സെല്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

അഡ്വ. വിന്‍സണ്‍ തോമസ്, അഡ്വ. നജ്മുദ്ദീന്‍

ദമാം- കേരളീയരായ പ്രവാസികളുടെ നിയമ പ്രശനങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് പ്രവാസി നിയമസഹായ സെല്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സൗദിയിലും ഖത്തറിലും നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ്മാരെ നിയമിച്ചു. മറ്റു രാജ്യങ്ങളിലും ഉടന്‍ നിയമനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ദമാമിലെ സാമൂഹിക പ്രവര്‍ത്തകനും കണ്ണൂര്‍ മടമ്പം സ്വദേശിയുമായ അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ സ്വദേശി അഡ്വ. നജ്മുദ്ദീന്‍ എന്നിവരെ സൗദി അറേബ്യയിലേക്കുള്ള ലീഗല്‍ ലൈസണ്‍ ഓഫീസര്‍ /നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റായി കേരള സര്‍ക്കാര്‍ നിയമിച്ചു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി മലയാളികളുടെ വിവിധങ്ങളായ ആവശ്യങ്ങളില്‍ ഇടപെടുന്നതിനും തൊഴില്‍ സംബന്ധമായ നിയമ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും നിയമ സഹായ സെല്‍ സഹായകമാകും.

പാസ്‌പോര്‍ട്ട്, വിസ, ജയില്‍ വാസം, ശിക്ഷകള്‍, മറ്റു ആശുപത്രി ചികിത്സകള്‍ ഉള്‍പ്പടെ പ്രവാസികള്‍ നേരിടുന്ന മറ്റ് വിഷയങ്ങളില്‍ ഇടപെടുന്നതിനും നിയമ സഹായ സെല്ലിന് പ്രവര്‍ത്തിക്കാനാവും.

ജി.സി.സി രാജ്യങ്ങളില്‍ നിയമ സഹായ സെല്‍ രൂപീകരിച്ചു നിയമ സഹായ കണ്‍സള്‍ട്ടന്റ്മാരെ നിയമിക്കുന്നതിനായി അഭിഭാഷക വൃത്തിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അതാതു രാജ്യത്തെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തും പരിചയമുള്ള അഭിഭാഷകരെ തേടിയുള്ള നോര്‍ക്ക റൂട്ട്‌സിന്റെ വിജ്ഞാപനം കഴിഞ്ഞ ഒരു വര്‍ഷം മുന്‍പേ ക്ഷണിച്ചുരുന്നു.

സൗദിയിലേക്ക് തന്നെ രണ്ടു തവണകളായി അപേക്ഷ ക്ഷണിച്ചെങ്കിലും കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് മാത്രമേ അപേക്ഷകള്‍ ലഭിച്ചിരുന്നുള്ളൂ. കിഴക്കന്‍ പ്രവിശ്യയില്‍നിന്നും അഞ്ച് അപേക്ഷകള്‍ ലഭിച്ചെങ്കിലും രണ്ട് അപേക്ഷകള്‍ സ്വീകരിക്കുകയായിരുന്നു.

അഡ്വ. ആര്‍.ഷഹന, അഡ്വ. സുജ ജയന്‍ എന്നിവരുടെ അപേക്ഷ സൗദിയിലെ പ്രത്യേക സാഹചര്യമനുസരിച്ച് തല്‍ക്കാലം ഒഴിവാക്കപ്പെടുകയായിരുന്നു. സൗദിയില്‍ സ്ത്രീകള്‍ക്ക് പൊതു പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനുള്ള പരിമിതി എന്ന സാങ്കേതിക പ്രശനമാണ് കാരണമായി പറയുന്നത്. മറ്റൊരു അപേക്ഷകനായ ദമാം ക്രിമിനല്‍ കോടതിയിലെ മലയാളം പരിഭാഷകനായ മുഹമ്മദ് നജാത്തിയുടെ വിദ്യാഭ്യാസ യോഗ്യത ഇന്ത്യയിലെ നിയമ ബിരുദവുമായി താരതമ്യമല്ലാത്തതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കപ്പെടുകയായിരുന്നു.

അഡ്വ. വിന്‍സണ്‍ തോമസ് ശ്രീകണ്ഠപുരം മുനിസിപ്പല്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ നിയമ ഉപദേശകന്‍, കൂട്ടുമുഖം സഹകരണ ബാങ്ക് ഡയരക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അല്‍ സഹ്റ ഗ്രൂപ്പില്‍ നിയമകാര്യ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുന്നു. മുന്‍പ് തളിപ്പറബ്, ചെന്നൈ കോടതികളില്‍ പ്രാക്ടീസ് ചെയ്തിരുന്നു. തളിപ്പറമ്പിലെ അഡ്വ. എം.സി.രാഘവന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. ഭാര്യ ബിന്ദു ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ ജോലി ചെയ്യുന്നു. മക്കള്‍ ഷാരോണ്‍, ഷിയോണ ഇരുവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

2009 ല്‍ സൗദിയില്‍ എത്തിയ അഡ്വ. നജ്മുദ്ദീന്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ നിന്നും 2000 ല്‍  നിയമബിരുദം നേടി, മാവേലിക്കര, ഹരിപ്പാട് ബാറുകളില്‍ 7 വര്‍ഷക്കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് 2007 ല്‍ യു.എ.ഇയിലെ പ്രമുഖ നിയമ സ്ഥാപനമായ അല്‍ ഖുമൈതി ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ചു, തുടര്‍ന്ന് 2009 സൗദിയില്‍ എത്തി ദമാമിലെ പ്രമുഖ നിയമ സ്ഥാപനമായ ഹുസാം ബാഖുര്‍ജി ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി. 2010 മുതല്‍ 2016 വരെ സൗദി ലുലു ഗ്രൂപ്പില്‍ മീഡിയ ഓപറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച നജ്മുദ്ദീന്‍ സൗദി പ്രവാസികള്‍ക്കിടയില്‍ സുപരിചിതനാണ്. 2016 മുതല്‍ അല്‍ ഖോബാറിലെ മുഹമ്മദ് ബിന്‍ ജാബിര്‍ ലോ ഓഫീസില്‍ ലീഗല്‍ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. കോട്ടയം ഏറ്റുമാനൂര്‍ കോടതിയിലെ അഡ്വ. പി.എ.രഹ്നയാണ് ഭാര്യ. മക്കള്‍: ബാബുല്‍ റയാന്‍, മുഹമ്മദ് റിസ്വാന്‍. പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്് ശക്തമായ ഇടപെടല്‍ നടത്താന്‍ നിയമ സഹായ സെല്ലിന് സാധിക്കുമെന്നും പ്രവാസികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ രൂപീകരിച്ച് നോര്‍ക്ക റൂട്ട്‌സ് മുന്നോട്ട് പോകുന്നതായും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് മലയാളം ന്യൂസിനോട് പറഞ്ഞു.

 

 

 

 

Latest News