റിയാദ് - പെട്രോൾ ബങ്കുകളിലെ ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ പരസ്യപ്പെടുത്തിയ നിരക്കുകളും ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കുകളും ഒന്നു തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിന് വ്യത്യസ്ത പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കുകളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം റെയ്ഡുകൾ നടത്തി.
രണ്ടു സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ പരസ്യപ്പെടുത്തിയ നിരക്കുകളും ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കുകളും വ്യത്യസ്തമായതിന് ഈ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. രണ്ടു ദിവസത്തിനിടെ ആകെ 463 പെട്രോൾ ബങ്കുകളിലാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്.
ഇലക്‌ട്രോണിക് സ്‌ക്രീനുകളിൽ പരസ്യപ്പെടുത്തിയ നിരക്കുകൾ തന്നെയാണ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് ബങ്കുകളിൽ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ അന്വേഷണവും നടത്തും.
നിരക്കുകളിൽ കൃത്രിമം കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും. അംഗീകൃത നിരക്കുകൾ പാലിക്കാത്ത പെട്രോൾ ബങ്കുകളെ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറിൽ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ പരാതികൾ നൽകണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.