റിയാദ്- ഒരു വർഷം മുമ്പ് ദമാമിലെ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലിക്കെത്തി മരുഭൂമിയിൽ ദുരിതങ്ങൾക്ക് വിധേയനായ തിരുവനന്തപുരം സ്വദേശിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ആശ്വാസം. തിരുവനന്തപുരം സ്വദേശിയായ സജീവാണ് റിയാദിലെ പ്ലീസ് ഇന്ത്യയുടെയും നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെയും ഇടപെടലിൽ ദുരിതങ്ങൾക്ക് അറുതി വരുത്തി നാട്ടിലെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സജീവ് ദമാമിലെ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി എത്തിയത്. അറബി സംസാരിക്കാനറിയാത്തതിനാൽ സ്‌പോൺസർ മറ്റൊരു സൗദി പൗരന് അദ്ദേഹത്തെ കൈമാറി. അത് വരെ ജോലി ചെയ്തതിനുള്ള ശമ്പളം നൽകാതെയാണ് മറ്റൊരാൾക്ക് കൈമാറിയത്. ദവാദ്മിയിലെത്തിയപ്പോൾ സൗദി പൗരൻ നേരെ കൊണ്ടുപോയത് മരുഭൂമിയിലെ കൃഷിത്തോട്ടത്തിലെ സ്‌റ്റോർ റൂമിലേക്കായിരുന്നു. തുടർന്നങ്ങോട്ട് തോട്ടത്തിലെ മുഴുവൻ ജോലികളും ചെയ്യേണ്ടിവന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും മർദനമേൽക്കേണ്ടിയും വന്നു.
കനത്ത ചൂടിൽ എ.സിയോ ഫാനോ ഇല്ലാത്ത റൂമിലായിരുന്നു താമസം. ദുരിതങ്ങൾ അസഹനീയമായതോടെ അവിടെനിന്ന് ഓടി രക്ഷപ്പെടുകയും റോഡിലെത്തിയപ്പോൾ ലഭിച്ച ടാക്‌സിയിൽ 380 കിലോമീറ്റർ സഞ്ചരിച്ച് റിയാദിലെ സുഹൃത്ത് നന്ദുവിന്റെ റൂമിലെത്തുകയും ചെയ്തു. മൂന്നു മാസത്തോളമാണ് ഇവിടെ താമസിച്ചത്. ശേഷം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് എംബസിയിലെത്തി പരാതി നൽകുകയും ചെയ്തു.
എംബസിയിൽനിന്ന് ലഭിച്ച ഔട്ട് പാസ് വഴി തർഹീലിൽനിന്ന് ഫൈനൽ എക്‌സിറ്റ് ലഭിച്ചു. എക്‌സിറ്റ് ലഭിച്ചപ്പോൾ ആറു ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഈ സമയത്തിനുള്ളിൽ യാത്രാ ചെലവിനുള്ള പണം തേടുന്നതിനിടയിലാണ് നന്മ കരുനാഗപ്പളളി കൂട്ടായ്മ ടിക്കറ്റ് ഓഫർ ചെയ്തത്. ഈ ടിക്കറ്റിലാണ് സജീവ് നാട്ടിലെത്തിയത്. പ്ലീസ് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസ് കോ-ഓർഡിനേറ്ററായ രബീഷ് കോക്കല്ലൂർ, പ്ലീസ് ഇന്ത്യ പ്രവത്തകരായ പ്രജിത്ത്, ഇർഷാദ്, അഹിനാസ് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.